യൂണിഫോമിനുള്ളില്‍ നിന്നും പത്തി വിടര്‍ത്തി ‘മൂര്‍ഖന്‍’: വനിതാ പോലീസിന് അത്ഭുതരക്ഷ

ബിഹാര്‍: യൂണിഫോമിനുള്ളില്‍ പതുങ്ങിയിരുന്ന് മൂര്‍ഖന്‍ പാമ്പ്, പോലീസുകാരിയ്ക്ക് അത്ഭുതരക്ഷ. ബിഹാറിലെ സരണ്‍ ജില്ലയിലുള്ള പഹല്‍ജാ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന പോലീസ് യൂണിഫോമിനുള്ളിലാണ് മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നത്.

കഴിഞ്ഞയാഴ്ച കനത്ത മഴയായിരുന്നു ഇവിടെ. പിന്നാലെയാണ് പാമ്പ് പോലീസ് സ്റ്റേഷനുള്ളിലെത്തിയത്. യൂണിഫോം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാമ്പ് പത്തിവിരിച്ച് കൊത്താനാഞ്ഞത്. അതോടെ പോലീസുകാരി ഭയന്നു പിന്നോട്ട് മാറുകയായിരുന്നു. പോലീസുകാരി തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ഉടന്‍ തന്നെ ഇവര്‍ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തുമ്പോള്‍ യൂണിഫോമിനു മുകളിലായി പത്തിവിരിച്ചു നില്‍ക്കുന്ന പാമ്പിനെ കണ്ടു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്. മഴയെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലും മറ്റും പാമ്പുകളെ കണ്ടെത്തുന്നത് പതിവായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Exit mobile version