ന്യൂഡല്‍ഹി : അലഹബാദിനെ പ്രയാഗ്‌രാജായി മാറ്റിയതുള്‍പ്പടെ അഞ്ച് വര്‍ഷത്തിനിടെ 7 പട്ടണങ്ങളുടെ പേര് മാറ്റാന്‍ അനുമതി നല്‍കിയതായി കേന്ദ്രം ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചു. പശ്ചിമ ബംഗാളിനെ ബാംഗ്ല എന്ന് ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമുന്നയിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി സഭയില്‍ കൂട്ടിച്ചേര്‍ത്തു.
അലഹബാദ് പ്രയാഗ് രാജായി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് 2018 ഡിസംബര്‍ 15നും ആന്ധപ്രദേശിലെ രാജമണ്ട്രിയെ രാജമഹേന്ദ്രവാരം എന്ന് മാറ്റുന്നതിനുള്ള എന്‍.ഒ.സി 2017 ഓഗസ്റ്റ് മൂന്നിനും നല്‍കിയതായി ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് റായ് മറുപടി നല്‍കി. 2018 ഓഗസ്റ്റിലാണ് ജാര്‍ഖണ്ഡിലെ ഉംടാരിയയ്ക്ക് ശ്രീ ബന്‍ഷിധാര്‍ നഗര്‍ എന്ന് പേര് നല്‍കാനുള്ള അനുമതി നല്‍കിയത്.
Also read : പിറന്നാള്‍ തിരക്കിനിടെ കുടുംബത്തിന്റെ ശ്രദ്ധ തെറ്റി : രണ്ട് വയസ്സുകാരന്‍ പൂളില്‍ വീണ് മരിച്ചു
ഇത് കൂടാതെ മധ്യപ്രദേശിലെ ബിര്‍ഷിംഗ്പുര്‍ പാലി, ഹോശംഗാബാദ് നഗര്‍, ബബായി എന്നിവയെ യഥാക്രമം മാ ബിരാസിനി ധാം(2018), നര്‍മദാപുരം(2021), മഖന്‍നഗര്‍(2021) എന്നിങ്ങനെയും പുനര്‍നാമകരണം ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ ശ്രീ ഹര്‍ഗോബിന്ദ്പുര്‍ സിറ്റി ശ്രീ ഹര്‍ഗോബിന്ദ്പുര്‍ സാഹിബ് എന്നാക്കാനുള്ള അനുമതി മാര്‍ച്ച് 2022ല്‍ നല്‍കിയതായും മന്ത്രി ലോക്‌സഭയെ അറിയിച്ചു.