ന്യൂഡല്‍ഹി: ആകാശത്ത് മൂന്ന് വിമാനങ്ങള്‍ തൊട്ടുരുമി പറക്കാനിടയായ സാഹചര്യം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍സിഡന്റ് ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നു. അപകട സാഹചര്യം സൃഷ്ടിച്ച വിമാനങ്ങളുടെ പൈലറ്റുമാരെ എഎഐബി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഡച്ച് വിമാനം കെഎല്‍എം, തായ്വാന്റെ ഈവ എയര്‍, യുഎസിന്റെ നാഷണല്‍ എയര്‍ലൈന്‍സ് എന്നിവയുടെ പൈലറ്റുമാരെയാണ് വിളിച്ചുവരുത്തുന്നത്.
നൂറു കണക്കിനു യാത്രക്കാരെയും വഹിച്ചു ഡല്‍ഹി ആകാശത്ത് തൊട്ടുതൊട്ടില്ലെന്നമട്ടില്‍ പറന്ന വിമാനങ്ങളാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കൃത്യമായ മുന്നറിയിപ്പുകളുടെയും എടിസിയുടെ ഇടപെടലിനെയും തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്.
ഈ മാസം 23-ന് ഡല്‍ഹി ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ മേഖലയിലാണ് മൂന്നു വിദേശ വിമാനങ്ങള്‍ അടുത്തെത്തിയത്. ഡച്ച് വിമാനം കെഎല്‍എം, തായ്വാന്റെ ഈവ എയര്‍, യുഎസിന്റെ നാഷണല്‍ എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളാണ് പരിധി ലംഘിച്ചത്. അഫ്ഗാനിസ്ഥാനിലെ ബഗ്രാമില്‍നിന്നു ഹോങ്കോംഗിലേക്കു പോകുക യായിരുന്നു നാഷണല്‍ എയര്‍ലൈന്‍സ് വിമാനം. കെഎല്‍എം വിമാനം ആംസ്റ്റര്‍ഡാമില്‍നിന്നു ബാങ്കോക്കിലേക്കും ഈവ എയര്‍ വിമാനം ബാങ്കോക്കില്‍നിന്നു വിയന്നയിലേക്കുമാണ് പറന്നത്.
നാഷണല്‍ എയര്‍ലൈന്‍സ് വിമാനം 31,000 അടി ഉയരത്തില്‍ പറക്കവെ ഈവ എയര്‍ വിമാനം പരിധി ലംഘിച്ച് 32,000 അടി ഉയരത്തിലെത്തി പറന്നു. ഇതോടെ ഇരു വിമാനങ്ങളിലെയും പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതേസമയംതന്നെ കെഎല്‍എം വിമാനം 33,000 അടി ഉയരത്തിലെത്തി. ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റത്തില്‍നിന്നു മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നാഷണല്‍ എയര്‍ലൈന്‍സ് വിമാനം 35,000 അടി ഉയരത്തിലേക്ക് ഉയര്‍ ത്താന്‍ പൈലറ്റ് അനുവാദം ചോദിച്ചെങ്കിലും നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു.
എന്നിരുന്നാലും വിമാനം സാവധാനം ഉയരുന്നത് എടിസിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വിമാനം ഇടത്തേക്കു പറത്താന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. ഈ സമയം തന്നെ ഈവ എയര്‍ 33,000 അടി ഉയരത്തിലേക്ക് ഉയരാന്‍ തുടങ്ങി. ഈ നിലയിലാണ് കെഎല്‍എം വിമാനം പറന്നിരുന്നത്. ഉടന്‍തന്നെ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി വിമാനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് എടിസി ഉറപ്പാക്കുകയും അപകടം ഒഴിവാക്കുകയുമായിരുന്നു.