ലഖ്‌നൗ : കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ മഴയുടെ ദേവനായ കണക്കാക്കുന്ന ഇന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ജാല ഗ്രാമത്തിലുള്ള സുമിത് കുമാര്‍ യാദവാണ് മഴ പെയ്യിക്കുന്നില്ലെന്നാരോപിച്ച് ദേവേന്ദ്രനെതിരെ പരാതിയുമായി അധികാരികളെ സമീപിച്ചത്.
കടുത്ത വരള്‍ച്ച ഗ്രാമവാസികളുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണെന്നും മഴ പെയ്യിക്കാത്തതിനാല്‍ ഇന്ദ്ര ഭഗവാനെതിരെ നടപടിയെടുക്കണമെന്ന് അപേക്ഷിക്കുകയാണെന്നുമായിരുന്നു പരാതി. ഗ്രാമത്തില്‍ പരാതി പരിഹരണ ദിവസമായിരുന്ന ശനിയാഴ്ചയാണ് സുമിത് തന്റെ പരാതി റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതിലും വിചിത്രമായ സംഗതി എന്തെന്നാല്‍ പരാതി ലഭിച്ചയുടന്‍ തഹസില്‍ദാര്‍ ഇത് സീല്‍ വെച്ച് മേലധികാരികള്‍ക്ക് ഫോര്‍വേഡ് ചെയ്തു.
കത്ത് വൈറലായതോടെ താന്‍ അത്തരമൊരു കത്ത് കണ്ടിട്ടുപോലുമില്ലെന്നാരോപിച്ച് തഹസില്‍ദാര്‍ എന്‍എന്‍ വര്‍മ രംഗത്തെത്തി. പരാതി കത്തില്‍ കാണുന്ന മുദ്രയും സീലും നിഷേധിച്ച അദ്ദേഹം അവ കൃത്രിമമാണെന്നും വാദിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത വരള്‍ച്ച നേരിടുന്ന ഉത്തര്‍പ്രദേശില്‍ ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ ലഭിക്കാന്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെളിയില്‍ കുളിപ്പിച്ച വാര്‍ത്ത വൈറലായിരുന്നു.