ചെന്നൈ: ജൂനിയര്‍ നാഷണല്‍ അക്വാട്ടിക്സിലെ 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ റെക്കോര്‍ഡ് നേട്ടവുമായി നടന്‍ മാധവന്റെ മകന്‍ വേദാന്ത്. 48-ാമത് ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണം കരസ്ഥമാക്കിയിരിക്കുകയാണ് വേദാന്ത്.
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് ആര്‍ മാധവന്‍. മകന്റെ നേട്ടത്തിന്റെ വീഡിയോയാണ് മാധവന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുന്നത്.
‘ഒരിക്കലും നോ പറയരുത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലിന്റെ ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്തു’ എന്ന തലക്കെട്ടോടെയാണ് മാധവന്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. വേദാന്ത് നീന്തുന്നതും വീഡിയോയില്‍ കാണാം.
”ഏകദേശം 16 മിനിറ്റിനുള്ളില്‍, 780 മീറ്ററില്‍ അദ്ദേഹം അദ്വൈതിന്റെ റെക്കോര്‍ഡ് തകര്‍ത്തു. അവന്‍ തന്റെ വേഗത അതിഗംഭീരമായി ഉയര്‍ത്തി. അദ്ദേഹം അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല,” ഇങ്ങനെ കമന്റേറ്റര്‍ പറയുന്നതും വീഡിയോയില്‍ കാണാം.
ഒരു പ്രൊഫഷണല്‍ നീന്തല്‍ താരമാണ് വേദാന്ത്. കോപ്പന്‍ഹേഗനില്‍ നടന്ന 2022 ലെ ഡാനിഷ് ഓപ്പണില്‍ നീന്തലിലും വേദാന്ത് സ്വര്‍ണം നേടിയിരുന്നു. മാധവന്‍ തന്റെ മകന്റെ വിജയങ്ങളെ എപ്പോഴും അംഗീകരിക്കുകയും അതില്‍ പിതാവെന്ന നിലയിലുള്ള അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ബ്രൂട്ടുമായുള്ള അഭിമുഖത്തില്‍, ആളുകള്‍ തന്റെ മകനെക്കുറിച്ച് സംസാരിക്കാനാണ് വരുന്നതെന്നും തന്റെ സിനിമകളെക്കുറിച്ചല്ലെന്നും താരം പറഞ്ഞിരുന്നു.
”എനിക്ക് ഇപ്പോള്‍ ശരിക്കും അസൂയ തോന്നുന്നു. കാരണം ഞാന്‍ മുംബൈയിലെ റോഡില്‍ വെച്ച് ആളുകളെ കാണുമ്പോഴെല്ലാം, അവര്‍ ഒരു പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വരുന്നുണ്ട്. ഞാന്‍ ഓര്‍ക്കുന്നത് അവര്‍ റോക്കട്രിക്ക് എന്നെ അഭിനന്ദിക്കാന്‍ വരുന്നതാണ് എന്നതാണ്. എന്നാല്‍ മിക്കവരും മകനെ കുറിച്ച് ചോദിക്കാനും അവനെ അഭിനന്ദിക്കാനുമാണ് വരുന്നത്”. ദുബായിലേക്ക് മാറാനും ഒളിമ്പിക്സിലെ പരിശീലനത്തിന് വേദാന്തിനെ പിന്തുണയ്ക്കാനും തനിക്ക് അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നും മാധവന്‍ പറഞ്ഞു.