ലഖ്‌നൗ: ഉത്തർപ്രദേശിൽ ഉദ്ഘാടനം നടന്ന ലുലു മാളിൽലെ വിവാദമായ നമസ്‌കാരം മനഃപൂർവ്വം പ്രശ്‌നങ്ങളുണ്ടാക്കാനായി കെട്ടിച്ചമച്ചതെന്ന് സംശയം. ഒരുകൂട്ടം ആളുകൾ നമസ്‌കാരം നടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ലുലു മാനേജ്‌മെന്റിന്റെ പരാതിയിൽ നേരത്തെ അജ്ഞാതർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ചൊവ്വാഴ്ച മാളിനുള്ളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ പുറത്തുവരികയും ചെയ്തിരുന്നു.
ഇതിന്റെ മാളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ മാളിലെ ജീവനക്കാർക്ക് പങ്കില്ലെന്നായിരുന്നു ആഭ്യന്തര അന്വേഷണത്തിൽ മാൾ അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തിയത്. എട്ടുപേർ ഒരുമിച്ച് മാളിൽ കയറുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവർ കടകളിൽ കയറുകയോ ഏതെങ്കിലും തരത്തിലുള്ള ഷോപ്പിങ് നടത്തുകയോ മറ്റോ ചെയ്തിട്ടില്ല. നേരെ കയറി വന്ന് ഇവർ നമസ്‌കരിക്കാൻ സൗകര്യപ്രദമായ സ്ഥലം നോക്കുകയായിരുന്നു. ആദ്യം മാളിന്റെ ബേസ്മെന്റിലും പിന്നീട് ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലും നമസ്‌കരിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നും എട്ടുപേരേയും സുരക്ഷാ ജീവനക്കാർ മാറ്റിയതോടെയാണ് രണ്ടാം നിലയിലെത്തിയത്.
താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിൽ എത്തുകയും ഇവരിൽ ആറ് പേർ നമസ്‌കരിച്ചുവെന്നും രണ്ട് പേർ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോർഡ് ചെയ്യുകയുമായിരുന്നുവെന്ന് സിസിടിവിയിൽ വ്യക്തമാവുന്നു. ഇവർക്ക് നമസ്‌കാരം നടത്തുന്ന രീതികളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
പൊതുവെ നമസ്‌കാരത്തിനായി ഏഴ് മുതൽ എട്ട് മിനിറ്റ് വരെ സമയം എടുക്കാറുണ്ട്. എന്നാൽ, സംഘം 18 സെക്കൻഡിൽ നിസ്‌കാരം പൂർത്തിയാക്കുകയും ഫോട്ടോ എടുപ്പ് കഴിഞ്ഞപാടെ സ്ഥലം വിടുകയായിരുന്നു എന്നും സിസിടിവിയുലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.