കൊല്‍ക്കത്ത: നാണയങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന ശീലം മിക്കവര്‍ക്കും ഉള്ളതാണ്. അങ്ങനെ സൂക്ഷിച്ചുവച്ച നാണയത്തുട്ടുകള്‍ കൊണ്ട് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നവരും ഉണ്ട്. അങ്ങനെ ശേഖരിച്ചുവച്ച നാണയങ്ങള്‍ കൊണ്ട് ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കച്ചവടക്കാരന്‍.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നിന്നുള്ള ബീഡി കച്ചവടക്കാരനായ സുബ്രത സര്‍ക്കാറാണ് തന്റെ കുഞ്ഞ് വലിയ സമ്പാദ്യം കൊണ്ട് ബൈക്ക് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
ആറ് വര്‍ഷം കൊണ്ട് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചുവച്ച രണ്ട് രൂപ നാണയങ്ങള്‍ കൊണ്ടാണ് ഇദ്ദേഹം ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. 2016 നവംബര്‍ മുതലാണ് ഇദ്ദേഹം രണ്ട് രൂപയുടെ നാണയങ്ങള്‍ ശേഖരിച്ച് വക്കാന്‍ തുടങ്ങിയത്. ആറ് വര്‍ഷത്തെ സമ്പാദ്യം എണ്ണി നോക്കിയപ്പോള്‍ അത് 1.8 ലക്ഷം രൂപയുണ്ടായിരുന്നു. അത്ഉപയോഗിച്ച് കൊണ്ട് അദ്ദേഹം ഒരു ബൈക്ക് വാങ്ങിയിരിക്കുകയാണ്.
ബീഡി കച്ചവടക്കാരനാണ് 46 -കാരനായ സുബ്രത. സ്വയം നിര്‍മ്മിക്കുന്ന ബീഡികളാണ് ഇവിടെ വില്‍ക്കുന്നത്. നോട്ട് നിരോധനം വന്നതോടെ ആളുകള്‍ സുബ്രതയ്ക്ക് നോട്ടുകള്‍ നല്‍കുന്നത് കുറഞ്ഞു. പകരം പലപ്പോഴും നാണയങ്ങളാണ് നല്‍കിയിരുന്നത്. അങ്ങനെ എല്ലാ ദിവസവും കിട്ടുന്ന പണത്തില്‍ നിന്നും കുറച്ച് പണം സൂക്ഷിച്ച് വയ്ക്കും. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതുവച്ച് എന്തെങ്കിലും വാങ്ങാം എന്നായിരുന്നു പദ്ധതി.
കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ മുന്നിലെത്തിയപ്പോള്‍ എന്തുകൊണ്ട് ഒരു ബൈക്ക് വാങ്ങിക്കൂടാ എന്ന് ചിന്തിച്ചു. അങ്ങനെ 17കാരനായ മകനോടും ആഗ്രഹം പങ്കുവച്ചു. ഇരുവരും ചേര്‍ന്ന് നാണയങ്ങള്‍ എണ്ണിനോക്കാന്‍ തുടങ്ങി. സുബ്രത അങ്ങനെ വാഹന ഷോറൂമിന്റെ ഉടമയെ വിളിച്ചു. അദ്ദേഹം നാണയങ്ങളായി പണം അടച്ചാല്‍ മതിയെന്ന് സമ്മതിച്ചു. വീട്ടുകാര്‍ ആ പണം എണ്ണി അഞ്ച് ബാഗുകളിലായി വച്ചു. ഒരു ഓട്ടോ വിളിച്ചു. ഷോറൂമിലെത്തി ബൈക്ക് വാങ്ങി.
ഷോറൂം ജീവനക്കാര്‍ പണം എണ്ണാന്‍ ഏകദേശം മൂന്ന് ദിവസമെടുത്തു. അങ്ങനെ സുബ്രതയ്ക്ക് ബൈക്ക് കിട്ടി. അഞ്ച് ജീവനക്കാര്‍ ചേര്‍ന്നാണ് നാണയങ്ങള്‍ എണ്ണിയത്. വെള്ളിയാഴ്ച നോട്ട് എണ്ണി പൂര്‍ത്തിയായി. ഏകദേശം 1.5 ലക്ഷം രൂപയാണ് നാണയങ്ങളായി അദ്ദേഹം അടച്ചത്.