ബസ് ജീവനക്കാരുടേയും യാത്രികരുടേയും സത്യസന്ധതയിൽ ബസ് യാത്രയ്ക്കിടയിൽ ബസിൽ വച്ച് നഷ്ടപ്പെട്ട താലിമാല അരൂർ സ്വദേശിനി സൗമ്യയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട മാല മലയാളീസ് എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് യുവതിക്ക് തിരികെ നൽകിയത്. എറണാകുളം- ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ഈ ബസിൽ വെച്ച് സൗമ്യയുടെ മാല നഷ്ടമായിരുന്നു. പിന്നീട് തങ്ങളുടെ കൈയിൽ കിട്ടിയ മാല പോലീസിന്റെ സാന്നിധ്യത്തിലാണ് മലയാളീസ് ജീവനക്കാർ സൗമ്യയ്ക്ക് തിരികെ നൽകിയത്.
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സൗമ്യയുടെ താലിമാല വൈകിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിൽ വൈറ്റിലയ്ക്കും അരൂരിനുമിടയിലാണ് പൊട്ടിവീണത്. പിന്നീട് മലയാളീസ് ബസിലെ സ്ഥിരം യാത്രക്കാരിയായ വയലാർ സ്വദേശി അഞ്ജു എന്ന കുട്ടിയ്ക്ക് ഈ മാല ലഭിക്കുകയും ഇവരത് അത് ബസ് ജീവനക്കാരെ എൽപ്പിക്കുകയുമായിരുന്നു.
പിന്നീട് നഷ്ടമായത് സൗമ്യയുടെ മാലയാണെന്ന് തിരിച്ചറിഞ്ഞതോടെ ‘മലയാളീസ് ട്രസ്റ്റി’ലെ അംഗവും ബസിന്റെ മുതലാളിമാരിൽ ഒരാളുമായ ശ്രീജിത്ത്, അരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് പ്രിൻസിപ്പൽ എസ്ഐ ഡൊമിനിക് ജോർജിന്റെ സാന്നിധ്യത്തിൽ മാല സൗമ്യയ്ക്ക് തിരികെ ഏൽപ്പിക്കുകയായിരുന്നു.