ചെന്നൈ: റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനത്തിന് പ്രത്യേക മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ. എസ്. സെന്തിൽകുമാർ. ഭൂമിപൂജ ഹൈന്ദവ ആചാരപ്രകാരം നടത്തുന്നത് തടഞ്ഞാണ് അദ്ദേഹം ഒരു ചടങ്ങുമില്ലാതെ പ്രവർത്തി ഉദ്ഘാടനം ചെയ്തത്.
ഇത്തരം ചടങ്ങുകൾക്ക് എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കണമെന്നും, അതാണ് സർക്കാറിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ധർമപുരിയിലാണ് സംഭവം. റോഡ് പ്രവൃത്തിയുടെ ഭൂമി പൂജ ഹൈന്ദവ രീതിയിലായിരുന്നു ഒരുക്കിയത്. പൂജാരിയും എത്തിയിരുന്നു. എന്നാൽ, പ്രവൃത്തി ഉദ്ഘാടനം ചെയ്യാനെത്തിയ എംപി, ഏതെങ്കിലുമൊരു മതവിഭാഗത്തിൻറെ മാത്രം ആചാരമായി ചടങ്ങ് നടത്തരുതെന്ന് നിർദേശിച്ചു.
സർക്കാറിന്റെ നയം എന്താണെന്ന് നിങ്ങൾക്കറിയില്ലേയെന്ന് എംപി ഉദ്യോഗസ്ഥരോട് ആരായുകയും ചെയ്തു.മറ്റ് മതങ്ങളുടെ ആളുകളെവിടെയെന്ന് ചോദിച്ച എംപി ചർച്ചിലെ ഫാദറിനെ ക്ഷണിക്കൂ, പള്ളിയിലെ ഇമാമിനെ ക്ഷണിക്കൂ, മതമില്ലാത്തരെയും ക്ഷണിക്കൂ, നിരീശ്വരവാദികളായ ദ്രാവിഡർ കഴകം പ്രതിനിധികളെയും ക്ഷണിക്കൂവെന്നും പറഞ്ഞു.