പരസ്പര സമ്മതത്തോടെ ഒന്നിച്ച് കഴിഞ്ഞ ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ല : സുപ്രീം കോടതി

SC | Bignewslive

ന്യൂഡല്‍ഹി : ദീര്‍ഘകാലം പുരുഷനൊപ്പം പരസ്പര സമ്മതത്തോടെ ഒന്നിച്ചു കഴിഞ്ഞ ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗക്കുറ്റമാരോപിക്കപ്പെട്ടയാള്‍ക്ക് മുന്‍കൂര്‍ ജാമ്യമനുവദിച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹിതരാവാതെ ദീര്‍ഘകാലം ഒന്നിച്ച് കഴിഞ്ഞ് കുട്ടിയുമുണ്ടായ ശേഷം ബന്ധം മുറിഞ്ഞപ്പോള്‍ സ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ ശേഷമാണ് യുവതി തന്നിഷ്ടപ്രകാരം യുവാവിനൊപ്പം താമസം തുടങ്ങിയതെന്നും അതിനാല്‍ തന്നെ ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ രാജസ്ഥാന്‍ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പരാതിക്കാരിയുമായി പ്രതി ബന്ധം സ്ഥാപിച്ചതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

Exit mobile version