ലഖ്‌നൗ: കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട യുപിയിലെ ലുലു മാൾ വിവാദത്തിൽ. ലുലുമാളിൽ നമസ്‌കരിക്കാൻ അനുമതി നൽകിയതിന് എതിരെ ഉയർന്ന പരാതിയിൽ പോലീസ് മാനേജ്‌മെന്റിനെതിരെ കേസെടുത്തു. മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ഒരു കൂട്ടം ആളുകൾ നൽകിയ പരാതിയിലാണ് ലുലു മാൾ മാനേജ്‌മെന്റിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം ലുലുമാളിൽ ആളുകൾ നമസ്‌കരിക്കുന്ന വിഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് സംഭവത്തിന് കാരണമായത്. മാളിലെ നമസ്‌കാരത്തിനെതിരെ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. 295എ, 153എ, 341, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഞായറാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാളിൽ ആളുകൾ നമസ്‌കരിക്കുന്ന വിഡിയോ പുരത്തുവരികയായിരുന്നു. ‘പൊതുസ്ഥലത്ത് നമസ്‌കാരം നടത്തരുത് എന്ന നിയമമാണ് തെറ്റിച്ചത്. മാളിലേക്ക് നിയമിക്കപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തിൽനിന്നുള്ളവരാണ്. പെൺകുട്ടികൾ മറ്റൊരു സമുദായത്തിൽനിന്നുള്ളവരും.
മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാൾ. ലൗ ജിഹാദ് പ്രചരിപ്പിക്കാനുള്ള നീക്കമാണിത്. സംഭവത്തിൽ അന്വേഷണം വേണമെന്നും”- മഹാസഭ വക്താവ് ശിശിർ ചതുർവേദിയും സംഘവും നൽകിയ പരാതിയിൽ പറയുന്നു.