നാഗർകോവിൽ: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച കാമുകനെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തിയ യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. നാഗർകോവിൽ വടശ്ശേരി സ്വദേശിയും ആരൽവായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. കൊലപാതകത്തിൽ മണവാളക്കുറിച്ചി സ്വദേശിനിയായ 37കാരി ഷീബയെ പോലീസ് അറസ്റ്റ് ചെയ്തു.
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു
ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലർന്ന ആഹാരം നൽകി, അബോധാവസ്ഥയിലാക്കിയ ശേഷം കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. 2009-ൽ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്നിക് കോളേജിൽ അധ്യാപികയാണ് ഷീബ. 2013-ൽ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നതും പിന്നീട് അടുപ്പത്തിലായതും.
ശേഷം, രതീഷിന്റെ നിർബന്ധപ്രകാരം 2019-ൽ ഭർത്താവുമായി നിയമപരമായി പിരിഞ്ഞു. ഷീബയ്ക്ക് വിവാഹവാഗ്ദാനം നൽകിയിരുന്ന, രതീഷ് കഴിഞ്ഞ വർഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു. ഷീബയുമായി സംസാരിക്കാൻപോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
തന്റെ പിറന്നാൾ ദിവസം അവസാനമായി, താൻ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ. ആശുപത്രിയിൽ രതീഷിനെ കാണാൻ പോയത്. ശേഷം ഭക്ഷണം നൽകി മയക്കി കിടത്തിയ ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആരൽവായ്മൊഴി പോലീസ് കേസെടുത്തു.
Discussion about this post