ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ധേഹത്തെ ക്ഷണിക്കുകയായിരുന്നു.
ഇതിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മലയാളത്തിനുപുറമെ തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. . ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.
1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഊട്ടിയിലെ ലോറൻസ് സ്‌ക്കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. ഋതുഭേതം, ഡെയ്സി, ഒരു യാത്രാമൊഴി, എന്നിവയാണ് മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രങ്ങൾ. തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.