വരാണസി: ഉത്തര്‍പ്രദേശില്‍ പുതിയതായി ആരംഭിച്ച ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍. സോഷ്യല്‍ മീഡിയയിലാണ് സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകളുടെ പ്രചരണം.
‘ലഖ്നൗവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ച ലുലു മാളില്‍ മുസ്ലിങ്ങള്‍ പരസ്യമായി നമസ്‌കരിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടക്കുന്നത്. ആര്‍എസ്എസ് മാധ്യമസ്ഥാപനമായ ഓര്‍ഗനൈസര്‍ വീക്ക്ലിയും സമാന തലക്കെട്ടോടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, വിഷയത്തില്‍ ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. ഓര്‍ഗനൈസറിന്റെ പോസ്റ്റിനടിയില്‍ നിരവധി വിദ്വേഷ കമന്റുകളും പ്രത്യക്ഷ്യപ്പെടുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് നിരോധിക്കുന്ന നിയമം കൊണ്ടുവരണമെന്ന് ചില കമന്റില്‍ പറയുന്നു.
ലുലു മാളിലെ എല്ലാ പുരുഷ ജീവനക്കാരും ഇസ്ലാം മത വിശ്വാസികളാണെന്നും സ്ത്രീകള്‍ ഹിന്ദുക്കളാണെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു. ‘ലവ് ജിഹാദ്’ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് അത്തരമൊരു അടിക്കുറിപ്പെന്ന് പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്.
വിവിധ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 220 കടകള്‍ മാളില്‍ ഉണ്ട്. വിവിധങ്ങളായ ബ്രാന്‍ഡുകളുടെ 25 ഔട്ട്‌ലെറ്റുകള്‍ അടങ്ങുന്ന മെഗാ ഫുഡ് കോര്‍ട്ടില്‍ 1600 പേര്‍ക്ക് ഇരിക്കാനാവും. ഏഴു ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 11 നിലകളുള്ള പാര്‍ക്കിംഗ് മാളില്‍ ഉണ്ടെന്നും മാളിന്റെ 11 സ്‌ക്രീനുകളുള്ള പിവിആര്‍ സൂപ്പര്‍പ്ലെക്സ് ഈ വര്‍ഷം അവസാനം ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയിലും പ്രയാഗ്രാജിലുമുള്ള മാളുകളാണ് ലുലു ഗ്രൂപ്പിന്റെ അടുത്ത മെഗാ പ്രോജക്ടുകള്‍. രണ്ട് പദ്ധതികള്‍ക്കായുള്ള ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ട് പദ്ധതികളും ആരംഭിക്കുമെന്നും മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദ് കുമാര്‍ വ്യക്തമാക്കിയിരുന്നു.