പനാജി: തന്റെ നാട്ടിൽ തോന്നിയമട്ടിൽ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന ഗോവൻ കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗഡയുടെ വാക്കുകൾ വിവാദമാകുന്നു. താജ്മഹൽ നിർമിക്കാൻ ഷാജഹാൻ ക്വട്ടേഷൻ സ്വീകരിച്ചില്ലെന്നും അതുപോലെ തന്റെ നാട്ടിലെ കെട്ടിടങ്ങളുടെ കാര്യത്തിൽ തനിക്ക് തീരുമാനം എടുക്കാമെന്നുമാണ് മന്ത്രിയുടെ വാദം.
ഗോവൻ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. കേന്ദ്ര ചട്ടത്തിന് വിരുദ്ധമായി പനാജിയിലെ കലാ അക്കാദമി കെട്ടിടം മന്ത്രി ഇടപെട്ട് പുതുക്കിപ്പണിതിരുന്നു. 49 കോടി രൂപ ചെലവഴിച്ചാണ് പനാജിയിലെ കെട്ടിടത്തിൽ മിനുക്ക് പണികൾ നടത്തിയത്. ഇതേക്കുറിച്ച് ചോദ്യമുയർന്നതോടെയാണ് ഷാജഹാനെയും താജ്മഹലിനെയും കൂട്ട് പിടിച്ച് മന്ത്രി പ്രതിരോധം തീർത്തത്.
ഷാജഹാൻ ആരിൽ നിന്നും ക്വട്ടേഷൻ എടുക്കാതെയാണ് താജ്മഹൽ നിർമിച്ചത്. 1653 ൽ ആഗ്രയിൽ പണികഴിച്ച താജ്മഹൽ ഇന്നും സുന്ദരവും നിത്യവുമായി നിൽക്കുന്നു അതുപോലെ കണ്ടാൽ മതി തന്റെ വകുപ്പ് നടത്തിയ പുതുക്കിപ്പണിയലെന്നുമാണ് മന്ത്രി പറയുന്നത്.