ചെന്നൈ: മൂന്നരവയസ്സുകാരിയെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ പൂനാംമല്ലിയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന എ. രവിയുടെ മകൾ വിൻസിയ അദിതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാംനിലയിലെ ഫ്ളാറ്റിൽനിന്നാണ് കുട്ടി താഴേയ്ക്ക് വീണ് തൽക്ഷണം മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണമായ അപകടം നടന്നത്.
ഫ്ളാറ്റിന് മുൻവശത്തെ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ സുരക്ഷാജീവനക്കാരനാണ് പെൺകുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കളും അയൽക്കാരും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കുട്ടി ബാൽക്കണിയിൽ നിന്ന് വീണതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പെൺകുട്ടി ബാൽക്കണിയിൽനിന്ന് താഴേക്ക് വീണത്. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്. തിങ്കളാഴ്ച രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്ബോൾ പരിശീലനത്തിന് കൊണ്ടുപോകാനായി ഇദ്ദേഹം ഫ്ളാറ്റിൽനിന്ന് പോയിരുന്നു.
രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിൻ പ്രഭാതസവാരിക്കായും ഫ്ളാറ്റിൽനിന്നിറങ്ങി. ഈ സമയത്തെല്ലാം മൂന്നരവയസ്സുകാരി ഉറങ്ങുകയായിരുന്നു. പിന്നീട് ഉറക്കമുണർന്ന പെൺകുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്ളാറ്റിലെ ബാൽക്കണിയിലേക്ക് വരികയായിരുന്നു. തുടർന്ന് ബാൽക്കണിയിലെ കസേരയിൽ കയറിയെന്നും ഇതിനിടെ താഴേക്ക് വീണെന്നും പോലീസ് പറയുന്നു. അതേസമയം, മുറിയിൽ ഉറങ്ങുകയായിരുന്ന മകൾ ബാൽക്കണിയിൽനിന്ന് വീണത് വീട്ടിലുള്ളവരാരും അറിഞ്ഞിരുന്നില്ല.
Discussion about this post