മക്കളെ പഠിപ്പിച്ച് വലിയ പദവികളിൽ എത്തിക്കുന്ന മാതാപിതാക്കൾ അനവധിയാണ്. എന്നാൽ മാതാപിതാക്കളുടെ വിജയത്തിനു പിന്നിൽ മക്കൾ എന്നത് ചുരുക്കമായിരിക്കും. ആ അപൂർവ്വ ഭാഗ്യം അനുഭവിച്ച് അറിഞ്ഞിരിക്കുകയാണ് ത്രിപുരയിലെ ഷീലാ റാണി ദാസ് എന്ന അമ്മ. ഇവരെ 10-ാം വിജയിപ്പിച്ചത് പെൺമക്കളായ രണ്ടുപേരുടെയും സഹായം ഒന്നുകൊണ്ട് മാത്രമാണ്. അമ്മയെ പഠിപ്പിച്ച നേരം ഇരുവരും പ്ലസ് ടു പരീക്ഷയ്ക്കും തയ്യാറെടുക്കുന്നുണ്ടായിരുന്നു.
ഫലം വന്നപ്പോൾ മൂന്നു പേരും വിജയിച്ചു. വളരെ ചെറുപ്രായത്തിൽത്തന്നെ ഷീലാ റാണി ദാസ് വിവാഹിതയായതാണ്. രണ്ടു പെൺകുട്ടികളുമുണ്ടായി. ഭർത്താവ് മരിച്ചതോടെ ഷീലയുടെ ജീവിതം മക്കൾക്കു വേണ്ടിയായിരുന്നു. ചെറുപ്രായത്തിലുള്ള വിവാഹവും ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണവുമൊക്കെച്ചേർന്ന് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഷീലാ റാണിയുടെ പഠനസ്വപ്നങ്ങൾ പാതിവഴിയിൽ നിലച്ചെങ്കിലും മക്കളെ മിടുക്കരായി വളർത്തുന്നതിനൊപ്പം തന്റെ പഠനം പൊടിതട്ടിയെടുക്കാനും ഷീലാ റാണി സമയം കണ്ടെത്തി.
ഇതിനിടെ, അമ്മയുടെ പഠനമോഹം തിരിച്ചറിഞ്ഞ മക്കൾ ഷീലാറാണിയെ പൊതുപരീക്ഷയ്ക്കായി തയാറെടുപ്പിച്ചു. അമ്മയ്‌ക്കൊപ്പമിരുന്ന് അവർ പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്തു. അഗർത്തലയിലെ അബോയ്‌നഗർ സ്മൃതി വിദ്യാലയത്തിലാണ് ഷീലാ റാണി പരീക്ഷയെഴുതി വിജയിച്ചത്. പരീക്ഷയിൽ ജയിക്കാൻ സാധിച്ചതിൽ എനിക്കൊരുപാടു സന്തോഷമുണ്ട്. എന്റെ രണ്ടു പെൺമക്കളുടെയും പ്രചോദനവും മറ്റുള്ളവരുടെ പിന്തുണയുമുള്ളതുകൊണ്ടാണ് എനിക്ക് പരീക്ഷയെഴുതാൻ സാധിച്ചത്. പരീക്ഷയിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തീർച്ചയായും എനിക്കുണ്ടായിരുന്നു.” ഷീലാ റാണി പറയുന്നു.