നാഗ്പൂർ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്തമഴയിൽ മരണങ്ങൾ വർധിക്കുന്നു. ഇതിനടെ കുത്തിയൊലിക്കുന്ന പുഴയിലേക്ക് കാർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഇതേ കാറിലുണ്ടായിരുന്ന മൂന്നുപേരെ കാണാതായിട്ടുണ്ട്.
അതേസമയം, കാർ പുഴയിലേക്ക് മറിഞ്ഞ് ഒഴുകുന്നതു കാണാൻ കരയിൽ നിരവധി ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും രക്ഷാപ്രവർത്തനത്തിന് തയാറായില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലണ്.
അതേസമയം, കാറിലുണ്ടായിരുന്നവർ മധ്യപ്രദേശ് സ്വദേശികളാണെന്നാണ് വിവരം. വാഹനത്തിനുള്ളിൽനിന്നും ഒരാൾ കൈ പുറത്തേക്കിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആകെ ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ കാണാതായി. മരിച്ചതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. നാഗ്പുരിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു.
Nagpur, where the Scorpio car was washed away in the sudden flood in which 8 people were aboard.#Monsoon2022 #monsoon #rainhavoc pic.twitter.com/3yLpucMxlD
— Preeti Sompura (@sompura_preeti) July 12, 2022
നാഗ്പുരിലെ സാവ്‌നെർ ടെഹ്‌സിലിൽ പാലം കടക്കുന്നതിനിടെയാണ് കാർ പുഴയിലേക്കു മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ മഹാരാഷ്ട്രയിൽ ഇതുവരെ 83 പേരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.