അമ്മയെ പഠിപ്പിച്ച് 10ാം ക്ലാസ് ജയിപ്പിച്ചു, മക്കള്‍ പ്ലസ്ടുവും കടന്നു; അഭിമാന നിമിഷത്തില്‍ ഷീല

ത്രിപുര: മാതാപിതാക്കള്‍ മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ഉയരങ്ങളിലെത്തിച്ച കഥകളെല്ലാം സാധാരണ കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ പെണ്‍മക്കള്‍ പഠിപ്പിച്ച് ജയിപ്പിച്ച അമ്മയാണ് ശ്രദ്ധേയമാകുന്നത്.

ത്രിപുരയിലെ ഷീലാ റാണി ദാസ് എന്ന അമ്മയാണ് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. മക്കള്‍ 12ാം ക്ലാസ് പരീക്ഷ എഴുതിയപ്പോള്‍ അമ്മ പത്താം തരം പരീക്ഷയെഴുതി വിജയിച്ചിരിക്കുകയാണ്.

വളരെ ചെറുപ്രായത്തില്‍ത്തന്നെ ഷീലാ റാണി ദാസ് വിവാഹിതയായി. രണ്ടു പെണ്‍കുട്ടികളുമുണ്ടായി. ഭര്‍ത്താവ് മരിച്ചതോടെ ഷീലയുടെ ജീവിതം മക്കള്‍ക്കു വേണ്ടിയായിരുന്നു. ചെറുപ്രായത്തിലുള്ള വിവാഹവും ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മരണവുമൊക്കെ പഠനത്തില്‍ നിന്നും ഷീലയെ പിന്തിരിപ്പിച്ചു.

എന്നാല്‍ തന്റെ മക്കളെ നന്നായി പഠിപ്പിക്കാനായി പിന്നീടുള്ള പരിശ്രമം. കൂടെ പാതി വഴിയില്‍ നിലച്ച തന്റെ പഠനവും തുടരാന്‍ ഷീലാ റാണി സമയം കണ്ടെത്തി. അമ്മയുടെ പഠനമോഹം തിരിച്ചറിഞ്ഞ മക്കള്‍ ഷീലാറാണിയെ പൊതുപരീക്ഷയ്ക്കായി തയാറെടുപ്പിച്ചു. അമ്മയ്‌ക്കൊപ്പമിരുന്ന് അവര്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. ഒപ്പം പ്ലസ്ടുവിനു പഠിക്കുകയും ചെയ്തു. അഗര്‍ത്തലയിലെ അബോയ്‌നഗര്‍ സ്മൃതി വിദ്യാലയത്തിലാണ് ഷീലാ റാണി പരീക്ഷയെഴുതിയത്.

”പരീക്ഷയില്‍ ജയിക്കാന്‍ സാധിച്ചതില്‍ എനിക്കൊരുപാടു സന്തോഷമുണ്ട്. എന്റെ രണ്ടു പെണ്‍മക്കളുടെയും പ്രചോദനവും മറ്റുള്ളവരുടെ പിന്തുണയുമുള്ളതുകൊണ്ടാണ് എനിക്ക് പരീക്ഷയെഴുതാന്‍ സാധിച്ചത്. പരീക്ഷയില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തീര്‍ച്ചയായും എനിക്കുണ്ടായിരുന്നു.” ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജയത്തെക്കുറിച്ച് ഷീലാ റാണി പറഞ്ഞു.

Exit mobile version