മുംബൈ: പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ വന്ദേമാതരം ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചര്‍ച്ച്‌ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. പോലീസ് ഉടന്‍ തന്നെ ഇയാളെ ജെജെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുലര്‍ച്ചെ നാലുമണിയോടെയാണ് 25കാരന്‍ പാര്‍പ്പിട സമുച്ചയത്തിലെത്തിയതെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. പ്രധാന ഗേറ്റിലെ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റ് ചാടിക്കടന്നാണ് ഇയാള്‍ കെട്ടിടത്തിലെത്തിയത്. കെട്ടിടത്തില്‍ ഒരാള്‍ അതിക്രമിച്ച് കടന്നതായി തിരിച്ചറിഞ്ഞതോടെ സെക്യൂരിറ്റി എല്ലാവര്‍ക്കും ജാഗ്രതനിര്‍ദേശം നല്‍കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ ഇയാള്‍ ഡ്രൈനേജ് പൈപ്പിലൂടെ കെട്ടിടത്തിന് മുകളിലേക്ക് കയറി ഒരു ജനല്‍പടിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനല്‍കി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങാന്‍ തയാറായില്ല.
തുടര്‍ന്ന് രാവിലെ 7.15ഓടെ ഒരു പോലീസുകാരന്‍ സുരക്ഷാബെല്‍റ്റ് ധരിച്ച് അടുത്തെത്താന്‍ ശ്രമിച്ചതോടെ യുവാവ് തൊട്ടടുത്ത കെട്ടിടമായ വിശ്വ മഹലിന്റെ കോമ്പൗണ്ടിലേക്ക് ചാടുകയായിരുന്നു. തറയില്‍വീണ ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇയാള്‍ ‘വന്ദേമാതര’മെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് താഴേക്ക് ചാടിയതെന്ന് കെട്ടിടത്തിലെ താമസക്കാരനും മറൈന്‍ ഡ്രൈവ് റസിഡന്‍സ് അസോസിയേഷന്‍ അംഗവുമായ അനില്‍ ഭാട്ടിയ പറഞ്ഞു. രോഹിത് എന്ന യുവാവാണ് മരിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വിശ്വകാന്ത് കൊലേക്കര്‍ പറഞ്ഞു.
ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ബന്ധുക്കള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.