‘നീണ്ട പ്രസംഗങ്ങളുടെ ഇടയിലൊക്കെ വേണമെങ്കില്‍ ഒന്ന് മയങ്ങാം, പൊടി കയറില്ല..’ : ചെറിയ കണ്ണുള്ളതിന്റെ ഗുണങ്ങള്‍ പറഞ്ഞ്‌ നാഗാലാന്‍ഡ് മന്ത്രി

Nagaland | Bignewslive

ന്യൂഡല്‍ഹി : വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലുള്ള ആളുകള്‍ പലപ്പോഴും വേര്‍തിരിവ് നേരിടേണ്ടി വരുന്നത് അവരുടെ കണ്ണുകളുടെ പ്രത്യേകതയിലൂടെയാണ്. ചൈനക്കാരുടേത് പോലെയെന്നും പൂര്‍ണമായി തുറക്കാത്ത കണ്ണുകളെന്നുമൊക്കെയുള്ള പരിഹാസങ്ങള്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല. എന്നാല്‍ തങ്ങളുടെ കണ്ണിന്റെ പ്രത്യേകത ഒരു കുറവല്ലെന്നും അതുകൊണ്ട് ഗുണങ്ങളേ ഉള്ളൂവെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാഗാലാന്‍ഡ് മന്ത്രി തെംജെന്‍ ഇംന. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍ ചെറിയ കണ്ണുള്ളതിന്റെ ഗുണങ്ങള്‍ എണ്ണിപ്പറയുകയാണ് മന്ത്രി.

“എല്ലാവരും പറയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കുഞ്ഞിക്കണ്ണുള്ളവരാണെന്ന്. ചെറിയ കണ്ണുകളാണെങ്കിലും അവര്‍ക്ക് സൂഷ്മദൃഷ്ടിയാണെന്നത് ഇവര്‍ക്കറിയില്ല. കണ്ണുകള്‍ ചെറുതായത് കൊണ്ട് എനിക്ക് ഗുണങ്ങളേ ഉണ്ടായിട്ടുള്ളൂ. ചെറുതായതിനാല്‍ കണ്ണില്‍ പൊടി കയറില്ല. മാത്രമല്ല എത്ര നീളന്‍ പ്രസംഗങ്ങളാണെങ്കിലും ബോറടിയ്ക്കുമ്പോള്‍ ഇടയ്‌ക്കൊന്ന് മയങ്ങാന്‍ ഈ ചെറിയ കണ്ണകളാണ് സഹായിക്കുക. ഉറങ്ങുകയാണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവുകയുമില്ല”. അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ഒരു പൊതുപരിപാടിയില്‍ നിന്നുള്ള പ്രസംഗത്തിനിടെയാണ് ചെറിയ കണ്ണുകള്‍ കൊണ്ടുള്ള ഗുണങ്ങളെപ്പറ്റി തേംജെന്‍ വാചാലനായത്. പ്രസംഗം വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അടക്കമുള്ളവര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ശബ്ദമായതിന് നിരവധി പേരാണ് തേംജെനിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. വംശീയതയ്‌ക്കെതിര ഹാസ്യരൂപത്തില്‍ പ്രതികരിച്ചതിന് ബിഗ് സല്യൂട്ട് എന്നും, ഇങ്ങനെയാണ് പരിഹസിക്കുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ടതെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

നാഗാലാന്‍ഡിലെ ഉന്നതവിദ്യാഭ്യാസം, ഗോത്രവകുപ്പുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് തേംജെന്‍. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

Exit mobile version