മുംബൈ : പാസ്‌പോര്‍ട്ടില്‍ നിന്ന് യാത്രാരേഖകള്‍ നീക്കം ചെയ്തതിന് മുംബൈയില്‍ യുവാവ് അറസ്റ്റിലായി. പാസ്‌പോര്‍ട്ടില്‍ കൃത്രിമത്വം കാണിച്ചുവെന്ന് കാട്ടി പൂനെ സ്വദേശിയായ സംദര്‍ശി യാദവിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. പാസ്‌പോര്‍ട്ടിലെ പത്ത് പേജുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടിലെ ഏതാനും പേജുകള്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യാദവിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞത്. പേജുകള്‍ കീറിക്കളഞ്ഞതാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.
തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്‌പോര്‍ട്ടില്‍ നിന്ന് കീറിക്കളഞ്ഞത്. 2019ലായിരുന്നു ഇയാളുടെ വിവാഹം. വിവാഹത്തിന് മുമ്പ് തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്തത് ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ യുവാവ് നശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Also read : ‘മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കും’ : ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ഐപിസി 420, ഐപിസി 468 എന്നീ വകുപ്പുകള്‍ പ്രകാരവും പാസ്‌പോര്‍ട്ട് ആക്ട് പ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.