ചെന്നൈ: ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന് യുവതി 43 പവന്‍ സ്വര്‍ണ്ണം ചവറ്റുകൊട്ടയിലെറിഞ്ഞു. ചെന്നൈയിലെ 35 -കാരിയായ യുവതിയാണ് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞത്
വിഷാദരോഗവും, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവവുമുണ്ട് യുവതിയ്ക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന യുവതി അടുത്തുള്ള എടിഎമ്മിനുള്ളിലെ ചവറ്റുകുട്ടയില്‍ സ്വര്‍ണ്ണാഭരണം സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ചത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതിനെ തുടര്‍ന്നാണ് പോലീസ് ആഭരണങ്ങള്‍ കണ്ടെടുത്തത്. ബാഗിനുള്ളില്‍ 43 പവന്‍ സ്വര്‍ണ്ണമുണ്ടായിരുന്നു.
കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂര്‍ മുരുകന്‍ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ ഒരു സ്വകാര്യ ബാങ്കും എടിഎം കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജൂലൈ 5 -ന് രാവിലെ എടിഎം പരിസരത്ത് വന്നപ്പോള്‍ ചവറ്റുകുട്ടയില്‍ ഒരു തുകല്‍ ഹാന്‍ഡ്ബാഗ് കിടക്കുന്നത് കണ്ടു. ബാഗ് തുറന്നപ്പോള്‍ അതിനകത്ത് ആഭരണങ്ങള്‍ കണ്ട് അദ്ദേഹം ഞെട്ടി. ഉടനെ തന്നെ അദ്ദേഹം സംഭവം ബാങ്ക് മാനേജരെ അറിയിച്ചു.
തുടര്‍ന്ന് കുന്ദ്രത്തൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും കുന്ദ്രത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കുകയും ചെയ്തു. പിന്നാലെ ഇന്‍സ്‌പെക്ടര്‍ ചന്ദ്രുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ആഭരണങ്ങള്‍ ശേഖരിച്ചു. ഇതാരുടേതാണ് എന്നറിയാനുള്ള അന്വേഷണമായിരുന്നു പിന്നീട്.
എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവതി അകത്തു കടക്കുന്നതും ബാഗ് ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്നതും പോലീസ് കണ്ടു. ഇതിനിടെ യുവതിയുടെ മാതാപിതാക്കള്‍ തന്റെ മകളെ പുലര്‍ച്ചെ നാല് മണി മുതല്‍ വീട്ടില്‍ നിന്ന് കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, രാവിലെ ഏഴ് മണിയോടെ മകള്‍ വീട്ടില്‍ തിരിച്ചെത്തിയതായി ദമ്പതികള്‍ അവകാശപ്പെട്ടു.
സംശയം തോന്നിയ പോലീസ് യുവതിയുടെ മാതാപിതാക്കള്‍ക്ക് ബാഗ് ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് കൊടുത്തു. ഇതോടെ അതില്‍ കാണുന്നത് തങ്ങളുടെ മകളാണെന്ന് അവര്‍ സ്ഥിരീകരിച്ചു. രണ്ടും ഒരാളാണെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദമ്പതികളോട് പോലീസ് ആവശ്യപ്പെട്ടു.
അങ്ങനെ പരിശോധിച്ചപ്പോഴാണ് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങള്‍ കാണാനില്ലായിരുന്നു. 43 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മകള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്നും പോലീസ് അറിയിച്ചു.
തങ്ങളുടെ മകള്‍ അസുഖമുള്ള ആളാണെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. അവള്‍ക്ക് ഉറക്കത്തില്‍ നടക്കുന്ന സ്വഭാവമുണ്ട് എന്നും, കഴിഞ്ഞ കുറച്ച് മാസങ്ങളായി വിഷാദാവസ്ഥയിലാണെന്നും, അതിനെ തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലാണെന്നും അവര്‍ പോലീസിനെ അറിയിച്ചു.