മൈസൂര്‍: ട്രെയിന്‍ ടിക്കറ്റ് എക്സാമിനറായെത്തി ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കി പണം കൈക്കലാക്കിയിരുന്ന യുവാവ് അറസ്റ്റില്‍. 35കാരനനായ കനകപുര സ്വദേശി മല്ലേഷ് എന്നയാളാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ടിപ്പു എക്സ്പ്രസ് ട്രെയിനില്‍ ടിടിഇ ആയി വേഷമിട്ട് ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതിനിടെയാണ് മല്ലേഷ് പിടിയിലായത്.
ട്രെയിന്‍ നമ്പര്‍ 12613 മൈസൂരു – ബെംഗളുരു ടിപ്പു എക്സ്പ്രസിന്റെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് എക്സാമിനര്‍ പി. ചേതന്‍, എ സി മെക്കാനിക്ക് രവി എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ റെയില്‍വേ ടാഗ് ധരിച്ച് പാതി യൂണിഫോമില്‍ ട്രെയിനില്‍ വോക്കി ടോക്കിയുമായി സംശയാസ്പദമായ രീതിയില്‍ നീങ്ങുന്ന ഇയാളെ കാണുന്നത്.
ഇയാളുടെ സ്ഥലത്തെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് സംശയം തോന്നുകയും ഇയാളെ ഉടന്‍ തന്നെ പിടികൂടി മൈസൂരിലെ ടിടിഇഎസ് ലോബി ഇന്‍ചാര്‍ജ് സിഎസ് ഭാസ്‌കറിന് കൈമാറുകയുമായിരുന്നു.
അസിസ്റ്റന്റ് റെയില്‍വേ കൊമേഴ്ഷ്യല്‍ മാനേജര്‍ രംഗനാഥ റെഡ്ഡി നടത്തിയ അന്വേഷണത്തിലാണ് മല്ലേഷ് ടിടിഇയുടെ വേഷത്തില്‍ യാത്രക്കാരില്‍ നിന്ന് പണം പിരിക്കുന്നതായി കണ്ടെത്തിയത്. മല്ലേഷ്, ടിടിഇയുടെ വേഷത്തില്‍ ടിക്കറ്റ് പരിശോധന നടത്തുകയും ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് പണം പിരിച്ചെടുക്കുകയും ചെയ്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പണമുണ്ടാക്കാനുള്ള എളുപ്പവഴിയായതിനാല്‍ മല്ലേഷ് തീവണ്ടികളില്‍ ടിടിഇയാകുന്നത് സ്ഥിരമാക്കി. റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ ഇയാള്‍ എല്ലാ ദിവസവും ട്രെയിന്‍ റൂട്ടുകളില്‍ ടിക്കറ്റ് പരിശോധന നടത്തുകയും പണം പിരിക്കുകയും ചെയ്തു. എന്നാല്‍ ഇത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യലിനായി മല്ലേഷിനെ റെയില്‍വേ പോലീസിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും, റെയില്‍വേ പോലീസ് ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും, രംഗനാഥ റെഡ്ഡി പറഞ്ഞു.
ജൂണ്‍ 23 ന്, ടിടിഇ ആയി വേഷമിട്ട മല്ലേഷ്, മൈസൂരില്‍ നിന്നുള്ള ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് അജ്മീര്‍ ട്രെയിനില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും അവരില്‍ നിന്ന് 7,000 രൂപ പിരിച്ചെടുക്കുകയും ചെയ്തു. ടിടിഇ പണം വാങ്ങിയിട്ടും ഇരിപ്പിടം നല്‍കിയില്ലെന്നും 7,000 രൂപയ്ക്ക് രസീത് നല്‍കിയില്ലെന്നും യാത്രക്കാര്‍ അന്ന് പരാതിപ്പെട്ടിരുന്നു. ഈ കാരണത്താല്‍ കഴിഞ്ഞ മാസം യഥാര്‍ത്ഥ ടിടിഇയെ സസ്പെന്‍ഡ് ചെയ്യുകയും ടിടിഇയുടെ ജോലി ഏതാണ്ട് നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തിയിരുന്നു.