പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മന്ന് രണ്ടാമത് വിവാഹിതനായി. ഡോക്ടറായ ഗുർപ്രീത് കൗർ ആണ് ഭഗവന്ത് മന്നിന്റെ വധുവായത്. 48-കാരനായ ഭഗവന്ത് മന്നും 32-കാരിയായ ഗുർപ്രീത് കൗറും തമ്മിലുള്ള വിവാഹം ചണ്ഡീഗഢിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് നടന്നത്. വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞുകഴിഞ്ഞു. നിരവധി പേർ ആശംസകൾ അർപ്പിച്ചു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ എ.എ.പി. അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും എ.എ.പി. എം.പി. രാഘവ് ഛദ്ദയും പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ എ.എ.പി. ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി ഭഗവന്തിന്റെ ചണ്ഡീഗഢിലെ വീടിന് മുന്നിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കരാഹി പനീർ, തന്തൂരി കുൽച്ചെ, ദാൽ മഖാനി, നവരതൻ ബിരിയാണി എന്നിവ ഉൾപ്പെടെ ഇന്ത്യൻ, ഇറ്റാലിയൻ വിഭവങ്ങളാണ് വിവാഹസദ്യയുടെ മെനുവിൽ ഉണ്ടായിരുന്നതായാണ് വിവരം.
Punjab CM @BhagwantMann & Dr. Gurpreet Kaur begin their married life
May God bless the Mann family with all the happiness in the world
pic.twitter.com/p1cwmfsFry
— AAP (@AamAadmiParty) July 7, 2022
ഹരിയാണയിലെ പെഹോവ സ്വദേശിനിയാണ് ഗുർപ്രീത്. നാലു വർഷങ്ങൾക്ക് മുമ്പു എം.ബി.ബി.എസ്. പൂർത്തിയാക്കിയ അവർ അറിയപ്പെടുന്നത് ഗോപി എന്ന പേരിലാണ്. അച്ഛൻ ഇന്ദ്രജിത് സിങ് നട്ട് പഞ്ചടാബിലെ മദൻപുർ ഗ്രാമത്തിലെ സർപഞ്ച് ആയിരുന്നു. ഒരു വർഷം മുമ്പാണ് ഇവരുടെ കുടുംബം മൊഹാലിയിൽ പുതിയ വീടെടുത്ത് മാറിയത്.
ആറ് വർഷം മുൻപാണ്ആദ്യ ഭാര്യ ഇന്ദർപ്രീത് കൗറുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത്. ആദ്യഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസം. ഭഗവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുക്കാൻ മക്കൾ എത്തിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗുർപ്രീതിന്റെ അമ്മാവൻ ഗുർജിന്ദർ സിങ് നട്ട് എ.എ.പി. അംഗമാണ്. ഇരുവരുടേയും കുടുംബങ്ങൾക്ക് നാലു വർഷത്തോളമായി പരസ്പരം അറിയാമെന്നും ഭഗവന്തിന്റെ അമ്മയും സഹോദരിയുമാണ് ഗുർപ്രീതിനെ വധുവായി കണ്ടെത്തിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post