ന്യൂഡല്‍ഹി : രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുഗള്‍ രാജാക്കന്മാരെ കുറ്റപ്പെടുത്തുന്നതിന് കേന്ദ്രത്തിനെതിരെ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. രാജ്യത്ത് പെട്രോള്‍ വില വര്‍ധിയ്ക്കാന്‍ കാരണം ഷാജഹാന്‍ ആണെന്നും അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെയെന്നും ഒരു പൊതുയോഗത്തില്‍ ഒവൈസി പരിഹസിച്ചു.
യോഗത്തില്‍ ഒവൈസി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ എഐഎംഐഎം ട്വിറ്ററില്‍ പങ്ക് വച്ചിരുന്നു. ഇതിലാണ് മോഡിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഒവൈസിയുടെ പരിഹാസം. മുഗളന്മാരെ കൂടാതെ അശോകയും ചന്ദ്രഗുപ്ത മൗര്യനുമൊക്കെ ഇന്ത്യ ഭരിച്ചിട്ടുണ്ടെന്നും ബിജെപി മുഗളന്മാരെ മാത്രമേ കാണുകയുള്ളൂവെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
“രാജ്യത്തെ യുവജനത തൊഴില്‍രഹിതരാണ്. വിലക്കയറ്റമാണെങ്കില്‍ രൂക്ഷം, 102 രൂപയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ഇതിനെല്ലാം കാരണം ഔറംഗസീബാണ്, പ്രധാനമന്ത്രിയല്ല. തൊഴിലില്ലായ്മയ്ക്ക് അക്ബറാണ് ഉത്തരവാദി. പെട്രോള്‍ വില 104 ആയതിന് കാരണക്കാരന്‍ ഷാജഹാന്‍ മാത്രമാണ്. അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെ. താജ്മഹലും ചെങ്കോട്ടയും നിര്‍മിച്ചത് ഷാജഹാന്‍ ചെയ്ത വലിയ തെറ്റായി ഞാന്‍ പറയും. അദ്ദേഹം ആ പൈസ സൂക്ഷിച്ച് വെച്ച് 2014ല്‍ മോഡിക്ക് നല്‍കണമായിരുന്നു. ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുസ്ലിങ്ങളാണ് ഉത്തരവാദികള്‍ എന്നാണവര്‍ പറയുന്നത്”.
देश में महंगाई, बेरोज़गारी, और बढ़ती पेट्रोल-डीज़ल की कीमतों का ज़िम्मेदार @narendramodi नहीं, मुग़ल हैं😜 – Barrister @asadowaisi https://t.co/KLDrUaOwMz
— AIMIM (@aimim_national) July 4, 2022
“മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചത് മാത്രമേ ബിജെപി കാണുകയുള്ളു. അശോകനും ചന്ദ്രഗുപ്ത മൗര്യനുമൊന്നും ഇന്ത്യ ഭരിച്ചത് അവര്‍ക്ക് വിഷയമല്ല. അവര്‍ ഒരു കണ്ണില്‍ കൂടി മുഗളന്മാരെ കാണും. മറ് കണ്ണില്‍ കൂടി പാകിസ്താനെയും. മുഹമ്മദ് അലി ജിന്നയുടെ നിര്‍ദേശം നിരസിച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നവരാണ് ഈ രാജ്യത്തെ മുസ്ലിങ്ങള്‍. ജിന്നയുടെ നിര്‍ദേശം മാനിക്കാതെ ഈ രാജ്യത്ത് നിന്നവരാണ് ഇവിടെയുള്ള 20 കോടി മുസ്ലിങ്ങളുടെ പൂര്‍വികര്‍. ഇത് ഞങ്ങളുടെ കൂടി രാജ്യമാണ്. ഞങ്ങള്‍ ഇവിടെ നിന്ന് പോവില്ല. നിങ്ങള്‍ എത്ര പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാലും ഞങ്ങള്‍ ഇവിടെ ജീവിച്ച് ഇവിടെത്തന്നെ മരിക്കും”. ഒവൈസി പറഞ്ഞു.