കൃത്യമായി നികുതി അടച്ചു: മോഹന്‍ലാലിനും ആശിര്‍വാദ് സിനിമാസിനും കേന്ദ്ര സര്‍ക്കാരിന്റെ ആദരം; അഭിമാന നിമിഷമെന്ന് മോഹന്‍ലാലും ആന്റണിയും

കൊച്ചി: കൃത്യമായി നികുതി അടച്ചതിന് നടന്‍ മോഹന്‍ലാലിനും ആശിര്‍വാദ് സിനിമാസിനും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് ലഭിച്ചു. സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് മോഹന്‍ലാല്‍ നന്ദിയും അറിയിച്ചു. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. അടുത്തിടെയാണ് നിര്‍മ്മാണ കമ്പനിയുടെ 22-ാം വാര്‍ഷികം ആഘോഷിച്ചത്.


2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘നരസിംഹ’മാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ ചിത്രം. പിന്നീട് മുപ്പതോളം സിനിമകളാണ് ആശിര്‍വാദ് നിര്‍മ്മിച്ചിട്ടുള്ളത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.

മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകളാണ് ആശിര്‍വാദിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

അതേസമയം ട്വല്‍ത്ത് മാന്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘ദൃശ്യം രണ്ടി’ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രം ഒടിടി റിലീസായിരുന്നു.

Exit mobile version