ബംഗളൂരു: ശ്രീരാമന്‍ മദ്യപാനി, സീതയെ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചു.. വിവാദ പരാമര്‍ശം പുസ്തകത്തില്‍ എഴുതിയ കന്നട സാഹിത്യകാരനും യുക്തിവാദി നേതാവുമായ പ്രൊഫ. കെഎസ് ഭഗവാനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ന്ന് ഭഗവാന്റെ മൈസൂരുവിലെ വസതിക്ക് മുന്നില്‍ ശ്രീരാമന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രതിഷേധിച്ചു.
കഴിഞ്ഞദിവസം പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാമന്റെ ചിത്രവുമായി പരിസരത്തെത്തിയ ബിജെപി നേതാവും യുവമോര്‍ച്ച പ്രസിഡന്റുമായ നിഷാന്തിനെയും പ്രതിഷേധിച്ച മറ്റു യുവമോര്‍ച്ച പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ ഭഗവാന്റെ പുതിയ പുസ്തകത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ശ്രീരാമനെ വര്‍ണ്ണിച്ചെന്ന് ചൂണ്ടിക്കാട്ടി മടിക്കേരി സ്വദേശിയായ അഡ്വ. കൃഷ്ണമൂര്‍ത്തി പോലീസില്‍ പരാതി നല്‍കി. മാത്രമല്ല പുസ്തകത്തിന്റെ പ്രകാശനത്തിന് അദ്ദേഹം ശ്രീരാമനെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ഏപ്രിലില്‍ താന്‍ പ്രസിദ്ധീകരിച്ച ‘രാമ മന്ദിര യെക്കെ ബേഡ’ ( വൈ രാം മന്ദിര്‍ ഇസ് നോട്ട് നീഡഡ്) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ഡിസംബറില്‍ പുറത്തിറക്കിയതെന്നും വാല്‍മീകി രാമായണത്തെ ആധാരമാക്കിയുള്ള അതിലെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെഎസ് ഭഗവാന്‍ വ്യക്തമാക്കി.