പ്രിയപ്പെട്ടവരുടെ വിയോഗം നമുക്കെന്നും തീരാവേദനയായിരിക്കും. അത് മാതാപിതാക്കളാണെങ്കിൽ ആ വേദന കാലാകാലത്തോളം നീണ്ടുനിൽക്കും. ഇപ്പോൾ ആ വേദനയിൽ തന്റെ പ്രിയപ്പെട്ട പിതാവിന്റെ ഓർമയ്ക്കായി ഒരു യുവതി എടുത്ത പരിശ്രമമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.
അച്ഛനുമായുള്ള മകളുടെ അടുപ്പം എത്ര തീവ്രമായിരുന്നു എന്ന് ഓർമിപ്പിക്കുകയാണ് ഈ വിഡിയോ. നിഖിത കിനി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മരിച്ചു പോയ അച്ഛന്റെ ഷർട്ടുകൾ തുന്നിച്ചേർത്ത് പുതപ്പു നിർമിച്ചിരിക്കുകയാണ് യുവതി. വീഡിയോ ഏവരെയും ഞെട്ടിക്കുന്നതോടൊപ്പം ആ അച്ഛനോടുള്ള മകളുടെ സ്നേഹമാണ് കണ്ണുകളെ ഈറനണിയിക്കുന്നത്.
‘ഫാദേഴ്സ് ഡേ’യിൽ യുവതി പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രണ്ടു വർഷം മുൻപ് ഒരു സ്ഥലത്തേക്ക് അച്ഛന്റെ ഷർട്ടുകൾ യുവതി അയച്ചു. അച്ഛന്റെ പ്രിയപ്പെട്ട നിറങ്ങളായ പിങ്കും നീലയും ചേർത്താണ് അവർ ഇതു നിർമിച്ചത്. രണ്ടുവർഷത്തെ പരിശ്രമത്തിനൊടുവിലാണ് നിഖിത അച്ഛന്റെ ഓർമകൾക്ക് വ്യത്യസ്ത രൂപം നൽകിയത്. ഇത് സഹോദരന് സർപ്രൈസായി സമ്മാനിക്കുകയും ചെയ്തു.
‘എപ്പോഴും ഊഷ്മളമായി നിലനിൽക്കുന്ന സ്നേഹം. ഈ വിഡിയോ പൂർത്തിയാക്കാൻ ഞാൻ രണ്ടു വർഷമെടുത്തു ‘ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Discussion about this post