ചെന്നൈ: വിദ്യാസാഗറിന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.
വിദ്യാസാഗറിന്റെ മരണകാരണത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മീന സമൂഹമാധ്യമങ്ങളില്‍ കുറിപ്പുമായെത്തിയത്. ‘എന്റെ പ്രിയ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു.
ദയവായി ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ദുഷ്കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാന്‍ നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മെഡിക്കല്‍ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബം, മാധ്യമങ്ങള്‍ എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു’ – മീന ഫേസ്ബുക്കില്‍ കുറിച്ചു.
ബെംഗളൂരുവില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ വിദ്യാസാഗര്‍ കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി വഷളായി. ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്.
Discussion about this post