ഉദയ്പൂർ: നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ചതിന് തയ്യൽ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഐഎസ് ബന്ധം സംശയിച്ച് കേന്ദ്ര ഏജൻസികൾ. വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനെ എത്തിയ രണ്ട് പ്രതികൾ കന്നയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ പിടിയിലായിട്ടുണ്ട്.
പതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളിൽ ഐഎസ് സൂചനകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ ഐഎസുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടായിരുന്നെന്നും സൂചനയുണ്ട്.
പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, പ്രതികളെ ചോദ്യംചെയ്യാനായി എൻഐഎ സംഘം രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. ഇവരുടെ തീവ്രവാദ ബന്ധമുൾപ്പെടെയുള്ള സംശയിക്കുന്ന കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി വിശദമായി പരിശോധിക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പുരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്ന വീഡിയോ പ്രതികൾ തന്നെ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
രാജസ്ഥാൻ സർക്കാരും വിഷയം ഗൗരവമായാണ് കാണുന്നത്. വർഗീയ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള കനത്ത നടപടികളിലേക്കാണ് പോലീസ് കടന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേസമയം മരിച്ച കന്നയ്യ ലാൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതുമുതൽ തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഇത് പോലീസ് ഗൗരവമായി കണ്ടില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിന് പിന്നിൽ വിദേശ സഹായമോ നിർദേശമോ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കൂടുതൽ അന്വേഷണത്തിനായി എൻഐഎ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികളെ ഇന്നുതന്നെ എൻഐഎ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. വിദേശ ഗൂഡാലോചനയുൾപ്പെടെയുള്ള എന്തെങ്കിലും സൂചന ലഭിച്ചാൽ കേസന്വേഷണം എൻഐഎ ഏറ്റെടുക്കും.
കൊലപാതകം അന്വേഷിക്കുന്നതിനായി രാജസ്ഥാൻ സർക്കാരും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരടങ്ങിയ ഈ സംഘവും എൻഐഎയുമായി ആശയവിനിമയം നടത്തും. ഉദയ്പുരിലെ തിരക്കേറിയ മാർക്കറ്റിലുള്ള തന്റെ കടയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാൽ കൊല്ലപ്പെട്ടത്. ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.