മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത് കോവിഡ് കാരണമല്ല; തെറ്റായ വാർത്ത പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുത്: ഖുശ്ബു

ചെന്നൈ: തെന്നിന്ത്യൻ സിനിമാതാരം മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം കോവിഡ് കാരണമാണെന്ന വാർത്തകൾ തെറ്റാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് വിദ്യാസാഗർ മരിച്ചത്. വാർത്തകൾ കൊടുക്കുമ്പോൾ മാധ്യമങ്ങൾ അല്പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്ബു ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഖുശ്ബുവിന്റെ വാക്കുകൾ:

”കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാർത്തകൾ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയായി അഭ്യർഥിക്കുന്നു. മൂന്ന് മാസം മുമ്പാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന് കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോൾ സാഗർ കോവിഡ് ബാധിതനല്ല. കോവിഡ് ബാധിച്ചാണ് സാഗർ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുതെന്നു ഞാൻ അപേക്ഷിക്കുകയാണ്. അതെ നമ്മൾ ജാഗ്രത പാലിക്കുക തന്നെവേണം, പക്ഷേ അത് തെറ്റായ സന്ദേശം പകർന്നുകൊണ്ടാകരുത്”.

ALSO READ- നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; വിയോഗം കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളിൽ ചികിത്സ നടക്കുന്നതിനിടെ

അതേസമയം, നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾ കാരണം ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ശ്വാസകോശ രോഗം ഗുരുതരമായി. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. വിദ്യാസാഗറിനും മീനയ്ക്കും നൈനിക എന്ന ഒരു മകളാണുള്ളത്.

Exit mobile version