ജയ്പുർ: മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ച് രാജസ്ഥാനിലെ ഉദയ്പുരിൽ നടത്തിയ കൊലപാതകത്തിൽ ഞെട്ടൽ. തയ്യൽ കടയുടമ കനയ്യ ലാലിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.
കൊലപാതകത്തിന്റെ ദൃശ്യങ്ങളിൽ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഉദയ്പൂരിൽ വലിയ സംഘർഷാന്തരീക്ഷമാണ് നിൽക്കുന്നത്. ഉദയ്പുരിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പോലീസ് സംഘർഷം തടയുന്നതിനായി കർശന നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
600 പോലീസുകാരെ അധികമായി വിന്യസിക്കുകയും 24 മണിക്കൂർ നേരത്തേയ്ക്ക് ഇന്റർനെറ്റ് സേവനം മരവിപ്പിച്ചിട്ടുമുണ്ട്. ഉദയ്പുർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാൻ പോലീസ് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഉദയ്പുരിലെ തിരക്കേറിയ മാർക്കറ്റിലുള്ള തന്റെ കടയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് തയ്യൽ കടക്കാരനായ കനയ്യലാൽ കൊല്ലപ്പെട്ടത്. രണ്ടു പേർ കടയിലേക്ക് കയറിവരികയും കനയ്യ ലാലിന്റെ കഴുത്തറുക്കുകയുമായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ഈ വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കുന്നുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.
Discussion about this post