കൊൽക്കത്ത: ഒരു വർഷം മുൻപ് കാണാതായ തന്റെ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ കുടുംബം. മകനെ കണ്ടെത്താൻ തുണച്ചത് ഫേസ്ബുക്കും. സോഷ്യൽമീഡിയയുടെ പ്രധാന്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു വർഷം മുൻപാണ് പശ്ചിമ ബംഗാൾ സ്വദേശിയായ സുഹാസ് എന്ന 17 കാരൻ യാദൃശ്ചികമായി ബംഗളൂരുവിലെത്തിയത്.
വിവാഹത്തിന് നിര്‍ബന്ധിച്ചു : പ്ലസ്ടു വിദ്യാര്‍ഥിനിയെ കൊന്ന് കുഴിച്ചുമൂടി കാമുകന്‍
നിർത്തിയിട്ടിരുന്ന ട്രെയിനിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു. സുഹാസ് ചെന്നിറങ്ങിയത് ബംഗളൂരുവിലും ആയിരുന്നു. രണ്ടാഴ്ച മുൻപാണ് പ്രദേശത്ത് ബേക്കറി നടത്തുന്ന രാജണ്ണയും നിതിൻ, ശ്രീധർ എന്നിവർ സുഹാസിനെ ശ്രദ്ധിച്ചത്. രണ്ടാഴ്ചയായി സുഹാസ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവർ മനസിലാക്കി. ഹിന്ദിയാണ് സംസാരിച്ചിരുന്നത്. അതേസമയം, സ്വന്തം ഗ്രാമത്തിന്റെ പേരോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അവന് പറയാൻ സാധിച്ചില്ല. ആകെ പറഞ്ഞത് മൂത്ത സഹോദരന്റെ പേരു മാത്രമായിരുന്നു.
ശേഷം, രാജണ്ണയും നിതിനും, ശ്രീധറും ചേർന്ന് ഫേസ്ബുക്കിൽ സുഹാസിന്റെ സഹോദരനെ തിരഞ്ഞു. ഫോട്ടോ കാണിച്ചപ്പോൾ അത് തന്റെ സഹോദരനാണെന്ന് അവൻ തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ ഇവർ സഹോദരന് ഫേസ്ബുക്കിൽ മെസേജ് അയച്ചു. ഇതിനിടെ സുഹാസിന് ഭക്ഷണവും വെള്ളവുമൊക്കെ നൽകുകയും ചെയ്തു. മാതാപിതാക്കൾ എത്തുന്നതു വരെ ബേക്കറിക്കുള്ളിൽ കിടക്കാനും സൗകര്യം ഒരുക്കി.
ഒരാഴ്ചക്കു ശേഷം സുഹാസിന്റെ മാതാപിതാക്കൾ പശ്ചിമ ബംഗാളിൽ നിന്നും മകനെ തേടി ബംഗളൂരുവിലെത്തി. ഒരു വർഷത്തിനു ശേഷം മകനെ കണ്ടുകിട്ടിയതിന്റെ സന്തോഷവും ഒപ്പം കണ്ണീരും അടക്കാനാകാതെ അവർ കരഞ്ഞു. മകനെ സംരക്ഷിച്ച രാജണ്ണക്കും നിതിനും ശ്രീധറിനും നന്ദി പറഞ്ഞാണ് അവർ തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിയത്.