ന്യൂഡല്‍ഹി: ബിജെപിയുടെ തോല്‍വിക്കും തിരിച്ചടിക്കും കാരണം മുതിര്‍ന്ന നേതാക്കളുടെ മനോഭാവമാണെന്ന് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. സഖ്യകക്ഷികളെല്ലാം ഇപ്പോള്‍ നിരാശരാണെന്നും പാര്‍ട്ടിയിലെ നേതാക്കളുടെ പെരുമാറ്റം അവരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.
മോഡിയുടേയും അമിത് ഷായുടേയും അഹങ്കാരമാണ് ഇതിനെല്ലാം കാരണം. സഖ്യകക്ഷികളെ ബഹുമാനിക്കാന്‍ ഇരുവര്‍ക്കും അറിയില്ലെന്നും എന്‍ഡിഎയുടെ ഭാഗമായിരുന്ന പലരും ഇപ്പോള്‍ ബിജെപിയില്‍ നിന്നും പുറത്തുവരാനുള്ള ശ്രമത്തിലാണെന്നും തേജസ്വി യാദവ് എന്‍ഡിടിവിയോട് പറഞ്ഞു.
രാജ്യത്ത്െ അവസ്ഥ ഏതാണ്ട് അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണ്. പ്രധാനമന്ത്രിക്ക് എതിരേയും അമിത് ഷാക്കെതിരേയും ആരും ഒന്നും പറയാന്‍ പാടില്ലെന്നും പറഞ്ഞാല്‍ അഴിയാണ് കാത്തിരിക്കുന്നതെന്നും തേജസ്വി ആരോപിച്ചു.
2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ മോഡിക്ക് പകരം നിതിന്‍ ഗഡ്ഗരിയെ പ്രധാനമന്ത്രി പദത്തിലേക്ക് കൊണ്ടുവരണമെന്ന് ആര്‍എസ്എസുകാരും ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ ആവശ്യമുയര്‍ത്തുന്നുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.