നവി മുംബൈ : കത്തിയമരുന്ന വീട്ടില്‍ നിന്ന് മൂന്ന് മക്കളെ രക്ഷിച്ച ശേഷം രേഖകളെടുക്കാന്‍ തിരികെ കയറിയ കേബിള്‍ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം. മുംബൈ പന്‍വേല്‍ സ്വദേശിയായ രാജേഷ് ഠാക്കൂര്‍(38) ആണ് മരിച്ചത്. പന്‍വേലിലെ അകുര്‍ലി വില്ലേജില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ ഏഴ് മണിയോടെ രാജേഷ് ഉറങ്ങുകയായിരുന്ന രണ്ടാം നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം നിലയിലെ മുറിയിലായിരുന്നു മക്കള്‍. സംഭവസമയം ഭാര്യ അവരുടെ വീട്ടിലായിരുന്നു. വീടിന് തീ പിടിച്ചതറിഞ്ഞതോടെ രാജേഷ് ആദ്യം മക്കളെ പുറത്തെത്തിച്ചു. പിന്നീട് അത്യാവശ്യ രേഖകളെടുക്കാന്‍ വീടിനുള്ളിലേക്ക് കയറിയതോടെ രാജേഷ് തീയ്ക്കുള്ളിലകപ്പെടുകയായിരുന്നു.
രാജേഷ് കുട്ടികളെ പുറത്തെത്തിക്കുന്ന സമയം നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് രേഖകളെടുക്കാന്‍ രാജേഷ് വീടിനുള്ളിലേക്ക് തിരിച്ചു കയറുന്നത്. രാവിലെ 7.40ഓടെ അഗ്നിശമന സേനയെത്തുമ്പോഴേക്കും ബംഗ്ലാവിന്റെ രണ്ടാം നിലയായ ഡ്രീം ഹോം പൂര്‍ണമായും കത്തി നശിച്ചിരുന്നു. രാജേഷിന്റെ ലാപ്ടോപ് രാത്രി മുഴുവന്‍ ചാര്ജിംഗിലായിരുന്നതിനാല് ഇതിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പിടിച്ചതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post