സേലം: മൂക്കിലൂടെ ഊതി ലോറിയുടെ മൂന്ന് ടയർട്യൂബുകൾ വീർപ്പിച്ച തമിഴ്‌നാട് സ്വദേശി നടരാജ് ആണ് ഇന്ന് സോഷ്യൽമീഡിയയിലെ താരം. ഈ 3 ടയർ ട്യൂബുകളും ഊതിവീർപ്പിക്കാൻ എടുത്ത സമയമാകട്ടെ 9 മിനിറ്റും 45 സെക്കന്റും. വ്യത്യസ്തമായ ഈ ചാലഞ്ചിലൂടെ നടരാജ് ലക്ഷ്യമിടുന്നത് ലോകറെക്കോർഡ് ആണ്. അന്താരാഷ്ട്ര യോഗ ദിനത്തിലായിരുന്നു ഏറെ വ്യത്യസ്തമായ പ്രകടനം.
പ്രാണായാമം എന്ന യോഗാരീതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി കരാട്ടേ കോച്ചായ നടരാജിന്റെ പ്രകടനത്തിനുണ്ടായിരുന്നു. ഇതിന് മുമ്പ് 97 വേദികളിൽ നടരാജ് സമാനമായ പ്രകടനം നടത്തിയിട്ടുണ്ട്. ജുഡീഷ്യൽ ഓഫീസർമാരുടേയും പോലീസ് ഉദ്യോഗസ്ഥൻമാരുടേയും സാന്നിധ്യത്തിലായിരുന്നു നടരാജ് ഈ പ്രകടനങ്ങൾ നടത്തിയത്.
വേൾഡ് ടാലന്റ് ബുക്ക് ഓഫ് റെക്കോഡ്‌സ് നടരാജിന്റെ പ്രകടനം അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇത്തരം പ്രകടനം അനുകരിക്കരുതെന്ന മുന്നറിയിപ്പും നടരാജ് നൽകുന്നുണ്ട്. തീവ്ര പരിശീലനത്തിലൂടെയാണ് ശ്വാസം നിയന്ത്രിച്ച് തനിക്ക് ഇത്തരത്തിലുള്ള പ്രകടനം സാധ്യമാകുന്നതെന്നും മതിയായ പരിശീലനമില്ലാതെ ഇത്തരത്തിലുള്ള സംഗതികൾക്ക് മുതിരരുതെന്നും അത് ജീവൻ അപകടമാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post