രാജസ്ഥാന്‍ മരുഭൂമിയില്‍ കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളിയുടെ പേര്

Spider | Bignewslive

തൃശൂര്‍ : രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ഗവേഷകന്റെ പേര്. ചിലന്തി ഗവേഷകനും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ.എ വി സുധികുമാറിന്റെ പേര് ചേര്‍ത്ത് സ്യൂഡോമോഗ്രസ് സുധി എന്നാണ് ചിലന്തിക്ക് പേര് നല്‍കിയിരിക്കുന്നത്. സുധികുമാര്‍ ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് നടപടി.

ബ്രിട്ടനില്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ചിലന്തി ഗവേഷകനായ ഡോ.ദിമിത്രി ലുഗനോവും ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ് ബാലകൃഷ്ണ ത്രിപാഠിയും ആശിഷ്‌കു മാര്‍ജന്‍ഗിദും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. 4 മില്ലി മീറ്റര്‍ മാത്രമാണ് ജംപിങ് സ്‌പൈഡര്‍ എന്ന കുടുംബത്തില്‍ പെട്ട ഈ ചിലന്തിയുടെ നീളം.

മരുഭൂമിയിലെ ഉണങ്ങിയ പുല്‍നാമ്പുകള്‍ക്കിടയിലാണ് ഇവ കാണപ്പെടുന്നത്. ഈ ജനുസില്‍പ്പെട്ട ചിലന്തിയെ ഇന്ത്യയില്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ബ്രിട്ടീഷ് അരക്‌നോളജി സൊസൈറ്റി പുറത്തിറക്കുന്ന അരക്‌നോളജി എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിന്റെ അവസാന അധ്യായത്തിലാണ് കണ്ടുപിടിത്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version