ന്യൂഡൽഹി: അറുപതാം പിറന്നാൾ നിറവിൽ പ്രമുഖ വ്യവസായി ഗൗതം അദാനി. ഇത് പ്രമാണിച്ച് 60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ചെലവിടാൻ കുടുംബം തീരുമാനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ശാന്തിലാൽ അദാനിയുടെ നൂറാം ജന്മവാർഷികവേളയുമാണിത്.
ഇതിനാലാണ് ഇത്രയും തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ആരോഗ്യം. വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലായിരിക്കും അദാനി ഫൗണ്ടേഷൻ വഴി പണം ചെലവിടുക. ഗൗതം അദാനിയുടെ ആസ്തിയുടെ 8% വരും ഈ തുകയെന്നു കണക്കാക്കുന്നു.
9,200 കോടി ഡോളർ (7.17 ലക്ഷം കോടി രൂപ) ആസ്തിയുമായി ബ്ളൂംബെർഗിന്റെ ശതകോടീശ്വര പട്ടികയിൽ എട്ടാമനാണ് അദാനി. ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്‌സ്, വാറൻ ബഫറ്റ്, മാർക്ക് സക്കർബർഗ് എന്നിവരും സ്വന്തം ആസ്‌തിയിൽ നിന്ന് വൻതുക സാമൂഹികക്ഷേമത്തിന് മാറ്റിവച്ചവരാണ്.