ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 600 ടവറുകളാണ് അജ്ഞാതര്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്.
2018ല്‍ സര്‍വീസ് അവസാനിപ്പിച്ച കമ്പനിക്കുവേണ്ടി സ്ഥാപിച്ചിരുന്ന ടവറുകളാണ് നോട്ടക്കുറവുണ്ടായതോടെ കള്ളന്‍മാര്‍ ചുവടോടെ അടിച്ചുമാറ്റിയത്. ടവറുകളുടെ ഉടമസ്ഥതയുള്ള മുംബൈയിലെ കമ്പനി ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവര്‍ത്തനരഹിതമായ 600 മൊബൈല്‍ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്.
2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍. പിന്നീട് ഇവ ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതല്‍ ടവറുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും മോഷ്ടാക്കള്‍ ഓരോന്നായി മോഷ്ടിക്കാന്‍ തുടങ്ങിയെന്നും കമ്പനി പരാതിയില്‍ പറയുന്നു
തമിഴ്‌നാട്ടില്‍ മാത്രം ആറായിരത്തോളം ടവറുകളുണ്ടായിരുന്നു. ചെന്നൈ പുരുഷവാക്കത്തുള്ള റീജനല്‍ ഓഫിസിനായിരുന്നു ചുമതല. മൊബൈല്‍ ഫോണ്‍ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി. പിന്നാലെ കോവിഡ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടായതോടെ ടവറുകളുടെ നേരിട്ടുള്ള പരിശോധനയും നിലച്ചു.
ദിവസങ്ങള്‍ക്കു മുന്‍പു ടവറുകളുടെയും കണക്കെടുത്തപ്പോഴാണ് മോഷണം വ്യക്തമായത്. അധികം ആള്‍താമസമില്ലാത്ത പ്രദേശങ്ങളിലുണ്ടായിരുന്ന ടവറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഓരോ ടവറിനും 25 മുതല്‍ 40 ലക്ഷം വരെ ചെലവുണ്ടെന്നും മോഷണം വഴി 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. ടവറുകളില്‍ വൈദ്യുതി ഉറപ്പാക്കാന്‍ സ്ഥാപിച്ച ജനറേറ്ററുകള്‍ ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്.
Discussion about this post