100 മീറ്റര്‍ ഓടി റെക്കോര്‍ഡിട്ട് റാംഭായ് മുത്തശ്ശി: ദിവസവും 1 ലിറ്റര്‍ പാല്‍, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; ആരോഗ്യത്തിന് പിന്നില്‍ 105ാം വയസ്സിലും തുടരുന്ന കൃത്യമായ ഡയറ്റ്

ന്യൂഡല്‍ഹി: ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ 45.40 സെക്കന്റില്‍ നൂറ് മീറ്റര്‍ ഓടി ദേശീയ റെക്കോര്‍ഡിട്ട ഒരു മുത്തശ്ശിയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

ഹരിയാനയില്‍ നിന്നുള്ള 105കാരിയായ റാംഭായ് മുത്തശ്ശിയാണ് ആ വൈറല്‍ താരം.
100 മീറ്ററില്‍ റാംഭായി ഒറ്റക്കാണ് മത്സരിച്ചത്. ട്രാക്കില്‍ ഒറ്റക്കായിരുന്നെങ്കിലും ഓട്ടം തുടങ്ങിയ ഉടനെ കാണികള്‍ മുത്തശ്ശിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഫിനിഷിങ്ങ് ലൈനിനടുത്ത് എത്താറായതോടെ മുത്തശ്ശി ഓട്ടം പതിയെയാക്കി.

മത്സര ശേഷം ഇത്രയും നാളും എവിടെയായിരുന്നുവെന്ന് ചോദിച്ചവരോട് ‘ഓടാന്‍ ഞാന്‍ പണ്ടേ തയ്യാറായിരുന്നു എന്നാല്‍ അവസരം ഇപ്പോഴാണ് കിട്ടിയതെന്നായിരുന്നു’ റാംഭായിയുടെ മറുപടി.

2017ല്‍ വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ മന്‍കൗര്‍ സ്ഥാപിച്ച 74 സെക്കന്റിന്റെ റെക്കോര്‍ഡാണ് റാംഭായി തിരുത്തിക്കുറിച്ചത്. 101-ാം വയസിലായിരുന്നു മന്‍കൗറിന്റെ പ്രകടനം. 200 മീറ്ററിലും റാംഭായി മത്സരിച്ചു. 52.17 സെക്കന്റിലാണ് റാംഭായി 200 മീറ്റര്‍ ഫിനിഷ് ചെയ്തത്.

105-ാം വയസിലും ചുറുചുറുക്കോടെ ഓടിക്കയറിയ മുത്തശ്ശിയുടെ ഭക്ഷണക്രമമാണ് ഇതോടെ വൈറലായിരിക്കുന്നത്. ദിവസവും രണ്ട് തവണയായി ഒരു ലിറ്റര്‍ പാല്‍ കുടിക്കും. പൂര്‍ണ വെജിറ്റേറിയനായ മുത്തശ്ശി 250 ഗ്രാം നെയ്യും 500 ഗ്രാം തൈരും ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. തിന കൊണ്ടുള്ള റൊട്ടി കഴിക്കുന്ന മുത്തശ്ശി ചോറ് കഴിക്കുന്നതു കുറവാണ്.

Exit mobile version