മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മഹൈസൽ ഗ്രാമത്തിൽ രണ്ടു വീടുകളിലായി ഒരു കുടുംബത്തിലെ ഒൻപതു പേർ ജീവനൊടുക്കി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ആത്മഹത്യകൾ നടന്നത്. സഹോദരന്മാരായ പോപ്പറ്റ് വാൻമോർ, ഡോ. മണിക് വാൻമോർ, ഇവരുടെ അമ്മ, ഭാര്യമാർ, നാല് കുട്ടികൾ എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. രണ്ട് വീടുകളിൽനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പോപ്പറ്റ് വാൻമോർ അധ്യാപകനും മണിക് വാൻമോർ വെറ്ററിനറി ഡോക്ടറുമാണ്. ഇരുവരും വിവിധ ആളുകളിൽനിന്ന് വൻതോതിൽ പണം കടം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
1.5 കിലോമീറ്റർ അകലെയാണ് രണ്ടുപേരുടെയും വീടുകൾ. വിഷം കഴിച്ചാണ് 9 പേരുടെയും മരണമെന്നാണ് ലഭിക്കുന്ന വിവരം. വീട്ടിൽ നിന്നും ആരും പാൽ വാങ്ങാൻ വരാത്തതിനെ തുടർന്ന് മാണിക് വാൻമോറിന്റെ വീട്ടിൽ അന്വേഷിച്ചുപോയ ഗ്രാമത്തിലെ പെൺകുട്ടിയാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടത്.