ഭോപ്പാല്‍ : മധ്യപ്രദേശില്‍ സിങ്‌റൗലി ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി മൂന്ന് ഭാര്യമാരും മത്സരത്തിനിറങ്ങിയതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെ നടപടി. ഭാര്യമാരില്‍ ഒരാളുടെ കാര്യം മറച്ച് വച്ചതിന് കാത്ത്ദഹ പഞ്ചായത്ത് സെക്രട്ടറി സുഖ്‌റാം സിങ്ങിന് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
സുഖ്‌റാമിന്റെ മൂന്ന് ഭാര്യമാരില്‍ കുസുകലി സിങും ഗീതാ സിങും സര്‍പഞ്ച് (ഗ്രാമാധ്യക്ഷ) സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. മറ്റൊരു ഭാര്യയായ ഊര്‍മിള സിങ് ജന്‍പദ് പഞ്ചായത്ത് വാര്‍ഡിലേക്കും. രണ്ട് ഭാര്യമാരുടെ വിവരം സുഖ്‌റാം അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഗീതാ സിങ്ങിന്റെ വിവരം മറച്ചു വെച്ചു. തുടര്‍ന്നാണ് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ നോട്ടീസിനോട് സുഖ്‌റാം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
സിങ്ങിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള അച്ചടക്ക നടപടി എടുക്കണമെന്ന് നിര്‍ദേശിച്ച് ദേവസര്‍ ജന്‍പദ് പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബികെ സിങ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും അറിയിച്ചിരുന്നതായി ബികെ സിംഗ് പറഞ്ഞു.
Discussion about this post