ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. അഗ്നിപഥിന് എതിരായി പ്രതിഷേധം രാജ്യവ്യാപകമായി കനക്കുന്നതിനിടെയാണ് ആനന്ദ് മഹീന്ദ്ര പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനം നൽകിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
അഗ്നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് പറഞ്ഞു. അഗ്നിപഥ് പ്രതിഷേധങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘അഗ്നിപഥ് പ്രതിഷേധങ്ങളിലെ അക്രമങ്ങളിൽ ദുഃഖമുണ്ട്. അഗ്നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വർഷം പദ്ധതി ആവിഷ്കരിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആവർത്തിക്കുന്നു. പദ്ധതിക്കു കീഴിൽ പരിശീലനം സിദ്ധിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.’- ആനന്ദ് മഹീന്ദ്ര ട്വീറ്റിൽ വ്യക്തമാക്കി.
ALSO READ- ‘ചെയ്യുന്നത് രാഷ്ട്ര ദ്രോഹം’ അഗ്നിപഥ് വിരുദ്ധ സമരത്തെ രൂക്ഷമായി വിമർശിച്ച് ബാബ രാംദേവ്
അതേസമയം, ഏതൊക്കെ സ്ഥാനങ്ങളിലാണ് അഗ്നീവീറുകളെ മഹീന്ദ്ര നിയമിക്കുകയെന്ന് ഒരാൾ ചോദിച്ചപ്പോൾ ‘കോർപ്പറേറ്റ് മേഖലയിൽ അഗ്നിവീറുകൾക്കു വലിയ തൊഴിലവസരങ്ങൾ ഉണ്ട്. നേതൃത്വം, ടീം വർക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച് വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനൽ പരിഹാരങ്ങൾ അഗ്നിവീറുകൾ നൽകുന്നു. ഓപ്പറേഷൻസ്, അഡ്മിനിസ്ട്രേഷൻ തുടങ്ങി ചെയിൻ മാനേജ്മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളിൽ അവരെ ഉപയോഗിക്കാം.’- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Large potential for employment of Agniveers in the Corporate Sector. With leadership, teamwork & physical training, agniveers provide market-ready professional solutions to industry, covering the full spectrum from operations to administration & supply chain management https://t.co/iE5DtMAQvY
— anand mahindra (@anandmahindra) June 20, 2022
അതേസമയം, സൈന്യത്തിലെ സ്ഥിരം നിയമനത്തെ വെല്ലുവിളിക്കുന്ന ഈ പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി യുവാക്കൾ പ്രതിഷേധിക്കുകയാണ്. ബിഹാറിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. സംസ്ഥാനങ്ങളിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനത്തിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 350 ട്രെയിൻ സർവീസുകൾ റദ്ദാക്കി.
Discussion about this post