മുംബൈ: പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച് പരീക്ഷയെഴുതി കാത്തിരുന്ന ഫലം വന്നപ്പോൾ അച്ഛൻ ജയിച്ചു, പക്ഷേ മകൻ തോറ്റു. പുണെ സ്വദേശി ഭാസ്കർ വാഗ്മാരെയാണു 43ാം വയസ്സിൽ പത്താം ക്ലാസ് എന്ന കടമ്പ കടന്നത്. എന്നാൽ മകൻ സാഹിൽ തോറ്റുപോയത് കുടുംബത്തെ വേദനയിലാഴ്ത്തി. മഹാരാഷ്ട്ര ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ നടത്തിയ പരീക്ഷയാണ് ഇരുവരും എഴുതിയത്. ബാബാ സാഹേബ് അംബേദ്കർ ഡയസ് പ്ലോട്ടിലാണ് ഇവരുടെ താമസം.
കുടുംബ പ്രാരാബ്ധങ്ങളെ തുടർന്ന് ഏഴാംക്ലാസിൽ പഠനം നിർത്തിയ ഭാസ്കർ സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ് പഠനമെന്ന മോഹം പൊടിത്തട്ടിയെടുത്തത്. 30 വർഷത്തിനുശേഷമാണ് ഇത്തവണ മകനോടൊപ്പം പരീക്ഷയെഴുതിയത്. ”കൂടുതൽ പഠിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കുടുംബ ഉത്തരവാദിത്വങ്ങൾകാരണം അതിനുകഴിഞ്ഞില്ല. മകൻ പത്താംക്ലാസിലായതിനാലാണ് പരീക്ഷയെഴുതാൻ തീരുമാനിച്ചത്. പഠനത്തിന് മകൻ സഹായിച്ചു. സ്വകാര്യമേഖലയിലെ ജോലിക്കുശേഷം എല്ലാദിവസവും പഠിക്കും” -വാഗ്മരെ പറഞ്ഞു.
രണ്ടു വിഷയങ്ങളിലാണു മകൻ തോറ്റത്. സപ്ലിമെന്ററി പരീക്ഷയെഴുതാൻ മകനെ സഹായിക്കുമെന്നും തുടർപഠനത്തിനാണു പദ്ധതിയെന്നും ഭാസ്കർ കൂട്ടിച്ചേർത്തു. ”അച്ഛന്റെ ആഗ്രഹം സഫലമായതിൽ സന്തോഷമുണ്ട്. പഠിക്കാനുള്ള ആഗ്രഹം ഞാനും ഉപേക്ഷിക്കില്ല. സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഞാനും വിജയിക്കും” -സാഹിൽ പറഞ്ഞു.
Discussion about this post