ന്യൂഡല്‍ഹി : സാധനങ്ങള്‍ ഡെലിവറി ചെയ്തതിന് പിന്നാലെ യുവതിയെ തുടരെ മെസ്സേജ് അയച്ച് ശല്യം ചെയ്ത ഏജന്റിനെ പിരിച്ചു വിട്ട് സ്വിഗ്ഗി. മോശമായ പെരുമാറ്റം നേരിട്ട സംഭവം യുവതി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
വീട്ടിലേക്ക് പരചരക്ക് സാധനങ്ങള്‍ എത്തിച്ച ഡെലിവറി ഏജന്റില്‍ നിന്നാണ് ഡല്‍ഹി സ്വദേശിനിയായ പ്രാപ്തിക്ക് ദുരനുഭവമുണ്ടായത്. തുടര്‍ന്ന് സ്വിഗ്ഗിയുടെ കസ്റ്റമര്‍ സര്‍വീസ് വഴി യുവതി പരാതിപ്പെട്ടു. ഇതിന് പിന്നാലെ ഏജന്റിനെ മാറ്റിയതായി കമ്പനി അറിയിക്കുകയായിരുന്നു. അതേസമയം തുടക്കത്തില്‍ നടപടിയെടുക്കാന്‍ സ്വിഗ്ഗി തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.
സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സാധനങ്ങള്‍ എത്തിയത്. സാധാരണ ഡെലിവറിയ്‌ക്കെത്തുന്നവര്‍ നമ്പറില്‍ വിളിയ്ക്കാറുള്ളതിനാല്‍ ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ല. പിന്നീട് വാട്‌സ്ആപ്പ് മെസേജുകള്‍ കൂടി ആയതോടെയാണ് യുവതി പരാതിപ്പെടുന്നത്.
സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായി സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ എക്‌സിക്യൂട്ടീവിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ഏറ്റവും മികച്ച സേവനം ആളുകള്‍ക്ക് നല്‍കാനാണ് സ്വിഗ്ഗി ശ്രമിക്കുന്നതെന്നും കമ്പനി അറിയിച്ചു.
Discussion about this post