കാശ്മീർ ഫയൽസ് എന്ന സിനിമയിൽ കശ്മീരി പണ്ഡിറ്റുകളെ കൊല്ലുന്ന രംഗങ്ങളെയും പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെയും കുറിച്ചടത്തിയ പരാമർശം വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണു നിൽക്കവെ വിശദീകരണവുമായി നടി സായി പല്ലവി രംഗത്ത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും സായ് പല്ലവി വ്യക്തമാക്കി.
പ്രമുഖരും പ്രശസ്തവുമായ പല ആളുകളും വെബ്സൈറ്റുകളും അഭിമുഖം മുഴുവൻ കാണാതെ യാഥാർഥ്യം തിരിച്ചറിയാതെ ചെറിയ ഒരു ഭാഗം മാത്രം കണ്ട് വാർത്ത പ്രസിദ്ധീകരിച്ചതിൽ സങ്കടം തോന്നിയതായും താരം പറഞ്ഞു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുന്നതായി പറഞ്ഞ സായ്, എല്ലാവർക്കും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നതായും ആശംസിച്ചു.
സായി പല്ലവിയുടെ വാക്കുകൾ:
”ഇത് ആദ്യമായായിരിക്കാം ഏതെങ്കിലും കാര്യത്തിൽ വ്യക്തത വരുത്താൻ നിങ്ങളുമായി ഞാൻ സംസാരിക്കുന്നത്. ആദ്യമായാകും ഹൃദയം കൊണ്ട് സംസാരിക്കുമ്പോൾ രണ്ട് മൂന്ന് തവണ ആലോചിക്കേണ്ട അവസ്ഥയുണ്ടാകുന്നത്.എൻറെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നൽകുമെന്ന് ഞാൻ പേടിക്കുന്നു. അതിനാൽ സംസാരിക്കുന്നത് ദീർഘമായി പോകുന്നുണ്ടെങ്കിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഏറ്റവും അവസാനം പുറത്തിറങ്ങിയ അഭിമുഖത്തിൽ ഞാൻ ഇടതുപക്ഷമാണോ വലതുപക്ഷമോയെന്ന ചോദ്യം ഉയർന്നു. ന്യൂട്രൽ ആണെന്നാണ് ഞാൻ സ്വയം വിശ്വസിക്കുന്നത്.വേറെയെന്ത് ഐഡൻറിറ്റിയിൽ അറിയപ്പെടുന്നതിനും മുമ്പ് ആദ്യം നമ്മൾ മനുഷ്യനായിരിക്കണം.
അച്ഛന് വേണ്ടി ഒരു മകള് നടത്തിയ പോരാട്ടത്തിന്റെ കഥ : അറിയാം ഫാദേഴ്സ് ഡേയുടെ ചരിത്രം
എന്തുവില കൊടുത്തും അടിച്ചമർത്തപ്പെടുന്നവരെ സംരക്ഷിക്കണം. അഭിമുഖത്തിലേക്ക് കടന്നാൽ, ഞാൻ പറഞ്ഞ രണ്ട് റഫറൻസുകളാണ് എനിക്ക് മേൽ വലിയ മാനസിക ആഘാതം സൃഷ്ടിച്ചത്. കശ്മീർ ഫയൽസ് കണ്ടതിന് ശേഷം അതിൻറെ സംവിധായകനുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. മൂന്ന് മാസം മുമ്പായിരുന്നു അത്. സിനിമയിലെ ജനങ്ങളുടെ ദുരിതം കണ്ടപ്പോൾ ആ സമയത്ത് എന്നിൽ വലിയ അസ്വസ്ഥതയുണ്ടാക്കി. വംശഹത്യ പോലെയുള്ള കാര്യങ്ങൾ അത്ര ചെറിയ കാര്യമല്ല.തലമുറകൾ വരുന്ന ജനങ്ങൾ ഇന്നും അതിൽ നിന്നും മുക്തരല്ല. മുമ്പ് പറഞ്ഞതുപോലെ കോവിഡ് സമയത്തെ ആൾക്കൂട്ട കൊലപാതകങ്ങളെ ഒരിക്കലും പിന്തുണക്കാൻ കഴിയില്ല. ആൾക്കൂട്ട കൊലപാതകത്തിൻറെ വിഡിയോ എന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മതത്തിൻറെ പേരിലുള്ള ഏത് അക്രമവും വലിയ പാപമാണ്. ഇത്രയുമാണ് ഞാൻ പറയാൻ ശ്രമിച്ചത്.
എന്നാൽ ഓൺലൈനിലുള്ള ഒരുപാട് പേർ ആൾക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്നത് കണ്ടപ്പോൾ വലിയ അസ്വസ്ഥത തോന്നി. മറ്റൊരാളുടെ ജീവനില്ലാതാക്കാനുള്ള അവകാശം ആർക്കും തന്നെയില്ല. മെഡിക്കൽ ബിരുദമുള്ള ആളെന്ന നിലയിൽ എല്ലാ ജീവനും തുല്യമാണെന്നും എല്ലാ ജീവനും പ്രാധാന്യമുള്ളതാണെന്നും വിശ്വസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവൻറേയോ അവളുടേയോ ഐഡൻറിറ്റിയിൽ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തിൽ ശരിക്കും ഞാൻ പേടിക്കുന്നു. ആ സാഹചര്യത്തിലേക്ക് പോകാതിരിക്കാൻ ഏറ്റവും കുറഞ്ഞത് ഞാൻ പ്രാർഥിക്കുന്നു. പതിനാല് വർഷത്തെ എൻറെ സ്കൂൾ ജീവിതത്തിൽ, എല്ലാ ദിവസവും സ്ക്കൂളിലേക്ക് പോയി- എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരീ സഹോദരൻമാരാണ്, ഞാൻ എൻറെ രാജ്യത്തെ സ്നേഹിക്കുന്നു.അതിൻറെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു- എന്ന് ചൊല്ലി പാടിയത് ഓർക്കുന്നു. അതെല്ലാം എൻറെ മനസ്സിൽ ആഴത്തിൽപതിഞ്ഞിട്ടുണ്ട്.
നമ്മൾ കുട്ടികൾ പരസ്പരം ജാതി,മതം, സംസ്കാരം എന്നിവയുടെ പേരിൽ വ്യത്യാസം കൽപ്പിക്കാറില്ല. ഏത് സമയവും ഞാൻ സംസാരിക്കുമ്പോൾ അത് എൻറെ നിഷ്പക്ഷ നിലയിൽ നിന്നാണ് വരുന്നത്. ഞാൻ പറഞ്ഞതത്രയും മറ്റൊരു തരത്തിൽ എടുത്തതിൽ ശരിക്കും അദ്ഭുതപ്പെടുന്നു. പ്രമുഖരും പ്രശസ്തവുമായ പല ആളുകളും വെബ്സൈറ്റുകളും അഭിമുഖം മുഴുവൻ കാണാതെ, അതിലെ യാഥാർഥ്യം തിരിച്ചറിയാതെ, അതിലെ ചെറിയ ഒരു ഭാഗം മാത്രം കണ്ട് വാർത്ത പ്രസിദ്ധീകരിച്ചതിൽ സങ്കടം തോന്നി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് കൂടെ നിന്ന് പിന്തുണച്ച ആളുകൾക്ക് നന്ദി പറയാൻ കൂടി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. ഒരുപാട് പേർ എനിക്ക് കൂടെ നിന്നത് ശരിക്കും ഹൃദയം നിറക്കുന്നതായിരുന്നു. അവർക്ക് എന്നെ മനസ്സിലാകുന്നു എന്ന് എനിക്ക് തന്നെ തോന്നി. ഞാൻ ഒറ്റയ്ക്കല്ല എന്ന് തോന്നിപ്പിച്ചതിന് ഒരുപാട് നന്ദി.”
Discussion about this post