വിവാഹം പൊടിപൊടിയ്ക്കുക എന്നത് ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച് തികച്ചും ലളിതമായി മാത്രം നടത്തുന്ന ചടങ്ങ് ഇവിടെ നമ്മളാഘോഷിക്കുന്നത് വരനോ വധുവിനോ കേട്ടുകേള്‍വി പോലുമില്ലാത്തത്ര അകന്ന ബന്ധുക്കളെ വരെ ക്ഷണിച്ച് കൊണ്ടായിരിക്കും. ‘ബിഗ് ഫാറ്റ് ഇന്ത്യന്‍ വെഡ്ഡിംഗ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇത്തരത്തിലുള്ള നമ്മുടെ ആര്‍ഭാടക്കല്യാണങ്ങള്‍ക്ക് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരു മാറ്റവുമില്ല എന്നതാണ് ശ്രദ്ധേയം.
എന്നാലിപ്പോഴിതാ സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചുള്ള ആര്‍ഭാടക്കല്യാണങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാനിലെ കുമാവത്ത് എന്ന സമുദായം. വിവാഹത്തിന് ചിലവാക്കേണ്ട പണത്തിന് സമുദായം കൃത്യമായ പരിധി നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. അനാവശ്യ ചിലവുകളോ ഡിജെ പാര്‍ട്ടിയോ കല്യാണത്തിന് പാടില്ല. മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കി വേണം വിവാഹ സല്‍ക്കാരം.
ആഭരണങ്ങള്‍ക്കോ വസ്ത്രത്തിനോ വേണ്ടി അമിതമായി പണം ചിലവാക്കിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തീം അനുസരിച്ചുള്ള ഹല്‍ദി ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. വിവാഹത്തിന് വിളമ്പേണ്ട വിഭവങ്ങളും അനാവശ്യമാകരുത്. പാലി ജില്ലയിലുള്ള 19 ഗ്രാമങ്ങളിലും താമസിക്കുന്ന സമുദായാംഗങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമാണ്. നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കുടുംബത്തിനെതിരെ പിഴ ചുമത്തുമെന്നാണ് അറിയിപ്പ്.
വിവാഹത്തിന് വരന്‍ രാജാവിന് തുല്യമായതിനാല്‍ ക്ലീന്‍ ഷേവ് ചെയ്തിരിക്കണം എന്നതടക്കമുള്ള കുറച്ച് കാര്യങ്ങളൊഴിച്ചാല്‍ മാതൃകാപരമായ നീക്കമാണ് സമുദായത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
Discussion about this post