ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരനായ മകന് ലഹരിമരുന്ന് എത്തിച്ചു നൽകിയ അമ്മ അറസ്റ്റിൽ. പിടിച്ചുപറിക്കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിന് ആണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ എത്തിച്ചുനൽകിയത്.
ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് ആണ് പോലീസിന്റെ പിടിയിലായയത്. വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. എന്നാൽ, മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്ന് അമ്മ പറയുന്നു. മകന്റെ സുഹൃത്തുക്കൾ നൽകിയ സഞ്ചിയാണെന്നും പ്രവീൺ താജ് മൊഴി നൽകി.
സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ 2020-ലെ പിടിച്ചുപറിക്കേസിൽ കൊനനകുണ്ടെ പോലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പ്രവീൺ താജ് ജയിലിൽ മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന തുണിസഞ്ചി പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 200 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സ്ത്രീയെ പിടികൂടി പരപ്പന അഗ്രഹാര പോലീസിന് കൈമാറി. മറ്റാരുടെയോ ഫോണിൽനിന്ന് മകൻ വിളിച്ച് സുഹൃത്തുക്കൾ നൽകുന്ന സഞ്ചിയിൽ വസ്ത്രങ്ങൾ കൊടുത്തുവിടാൻ ആവശ്യപ്പെട്ടിരുന്നതായി സ്ത്രീ പോലീസിനോട് പറഞ്ഞു.
സഞ്ചിയിൽ ലഹരിമരുന്ന് ഉള്ളകാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ നിർദേശം അനുസരിക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. ലഹരിമരുന്ന് അടങ്ങിയ സഞ്ചി സ്ത്രീക്ക് കൈമാറിയ സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post