കൊച്ചി: 17 വയസുള്ള കുട്ടികളെ സൈന്യത്തിലെടുത്ത് നാല് വർഷത്തെ സൈനികപരിശീലനത്തിന് ശേഷം പിരിച്ചുവിടുന്ന കേന്ദ്ര സർക്കാർ അനുമതി നൽകിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. നാല് വർഷത്തിന് ശേഷം പരിശീലനം നേടിയവരുടെ ഭാവിയെ സംബന്ധിച്ചാണ് ഉയരുന്ന ആശങ്ക. അതേസമയം, ഇവർ ഭീകര സംഘടനകളിലേക്ക് തിരിഞ്ഞാലോ എന്നും ഒരുപറ്റം ആളുകൾ ചോദ്യം ചെയ്യുന്നു. സൈന്യത്തിലെ സ്ഥിരനിയമനങ്ങൾ നിർത്തലാക്കുന്നതിന്റെ ഭാഗമാണ് ഈ നിയമനമെന്നും സൂചനയുണ്ട്.
അതേസമയം കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിന് എതിരെ മേജർ രവിയും രംഗത്തെത്തി. വെറും നാലു വർഷത്തെ സേവനത്തിന് എത്തുന്ന ഇവർക്ക് ഒരു യുദ്ധം വന്നുകഴിഞ്ഞാൽ എന്തു ചെയ്യുമെന്നാണ് കരുതുന്നതെന്ന് മേജർ രവി ചോദ്യം ചെയ്യുന്നു.
‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാൻ ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടത്. ഹ്രസ്വകാല നിയമനത്തിൽ ഇവർക്ക് മികച്ച രീതിയിലുള്ള പരിശീലനം പോലും ലഭിക്കാനുള്ള അവസരമില്ലെന്നും മേജർ രവി പറയുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാൽ ഇവരെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും’- മേജർ രവി ചോദ്യം ചെയ്തു.
നാലു വർഷത്തെ സേവനം കഴിഞ്ഞ് ഇറങ്ങുന്ന ഇവർ നാളെ രാജ്യത്തിന് ഭീഷണിയാകില്ലെന്ന് ആരു കണ്ടു എന്നും മേജർ രവി ചോദിക്കുന്നു. പരിശീലനം സിദ്ധിച്ച ഇവർ നാളെ ഭീകര സംഘടനയിൽ ചേർന്നേക്കാമെന്നും മേജർ രവി നിരീക്ഷിച്ചു.
‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാൻ ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുൻനിർത്തി ഇങ്ങനെ ചെയ്യരുത്’
‘പുതിയ ആയുധസാമഗ്രികൾ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വർഷത്തെ ട്രെയിനിങ് കൊണ്ട് അവർക്കിത് കൈകാര്യം ചെയ്യാൻ കഴിയില്ല. അതിനാൽ സാങ്കേതികമായി ഒരു സൈനികൻ പ്രാപ്തനാകണമെങ്കിൽ ചുരുങ്ങിയത് അയാൾക്ക് 6-7 വർഷത്തെ പരിശീലനം വേണം.’
‘ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. ഈ നാലു വർഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നുള്ളത് അറിയില്ല. എത്രയൊക്കെ സൂക്ഷ്മ പരിശോധന നടത്തിയാലും ആരുടെയും മനസ്സ് ചൂഴ്ന്നു പരിശോധിക്കാനാകില്ല. ഇവരെന്തിനാണ് വരുന്നതെന്ന് അറിയാൻ സാധിക്കില്ല. ഒരുപക്ഷേ നാലു വർഷം കഴിഞ്ഞ് പരിശീലത്തിനു ശേഷം പുറത്തിറങ്ങുന്നവർ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാം.’ മേജർ രവി പറഞ്ഞു.
Discussion about this post